ന്യൂഡൽഹി: നിർത്തിവച്ചിരുന്ന ഇന്ത്യ-ചൈന കമാൻഡർതല ചർച്ച ഞായറാഴ്ച പുനരാരംഭിക്കും. പതിനാറാം റൗണ്ട് ചർച്ചയാണ് ഞായറാഴ്ച അതിർത്തിയിൽ ഇന്ത്യൻ ഭാഗത്തുള്ള ചുഷൂലിൽ നടക്കുക. ലഫ്റ്റനന്റ് ജനറൽ സെൻഗുപ്തയാകും ഇന്ത്യൻ സംഘത്തെ നയിക്കുക.

ടിബറ്റൻ ആത്മീയ ആചാര്യൻ ദലൈലാമ ലഡാക്കിൽ ഉള്ളപ്പോഴാണ് ചർച്ച എന്നതാണ് ഇത്തവണ ശ്രദ്ധേയമാകുന്നത്. 1959ൽ ദലൈലാമ ഇന്ത്യയിൽ വന്നത് തുടക്കകാലത്തെ ഇന്ത്യചൈന തർക്കങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നായിരുന്നു.

ആറ് തർക്കപ്രദേശങ്ങളിൽ നിന്നുള്ള പിന്മാറ്റം സംബന്ധിച്ച് ഇരുരാഷ്ട്രവും ചർച്ച നടത്തിയിരുന്നു. ഇതിന്റെ ഫലമായി മൂന്ന് സ്ഥലങ്ങളിൽനിന്ന് സൈനിക പിന്മാറ്റം നടന്നു. ഇനിയുള്ള മൂന്ന് സ്ഥലങ്ങളിലെ സൈനിക പിന്മാറ്റമാണ് ഇത്തവണത്തെ കമാൻഡർതല ചർച്ചയിൽ വിഷയമാകുക. നേർക്കുനേർ നിൽക്കുന്ന സ്ഥലങ്ങളിൽനിന്ന് പഴയ അവസ്ഥയിലേക്കുള്ള പിന്മാറ്റമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.

അതിർത്തി തർക്കം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടും. ഇന്ത്യൻ-ചൈനീസ് വിദേശകാര്യ മന്ത്രിമാർ ജി20 ഉച്ചകോടിക്കിടെ കണ്ടപ്പോഴാണ് കമാൻഡർതല ചർച്ച വീണ്ടും ആരംഭിക്കാൻ തീരുമാനമെടുത്തത്.

2020 മെയ് അഞ്ച് മുതലാണ് കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ സേനയും ചൈനീസ് സേനയും നേർക്കുനേർ നിന്ന് തർക്കം ആരംഭിച്ചത്. ജൂൺ 15നാണ് ഇരു ഭാഗത്തും ആൾനാശമുണ്ടായ ഗൽവാൻ സംഘർഷവുമുണ്ടായത്.