മൂന്നാർ: മൂടൽ മഞ്ഞ് കാഴ്ച മറച്ചതോടെ കാട്ടാനയുടെ മുന്നിൽപ്പെടുകയും ആക്രമണത്തിന് ഇരയാവുകയും ചെയ്ത യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കഴിഞ്ഞ ദിവസം നടയാർ എസ്റ്റേറ്റിലാണ് സംഭവം. തോട്ടം തൊഴിലാളിയായ സുമിത്ത് കുമാറി(18)നാണ് പരിക്കേറ്റത്. മൂന്നാറിൽ നിന്നും ജോലി കഴിഞ്ഞ് സുഹ്യത്തുക്കൾക്കൊപ്പം ഓട്ടോയിലാണ് സുമിത്ത് കുമാർ(18) എസ്റ്റേറ്റിലെത്തിയത്.

രാത്രി 10.30 തോടടുത്ത് റോഡിൽ നിർത്തിയ വാഹനത്തിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് നടക്കവെ കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു.കനത്ത മൂടൽ മഞ്ഞിൽ എതിരെ എത്തിയ ആനയെ സുമിത് കണ്ടില്ല.മുട്ടി മുട്ടിയില്ല എന്ന പരുവത്തിലാണ് ആനയുടെ സാന്നിദ്ധ്യം സുമിത് തിരിച്ചറിയുന്നത്.

തുടർന്ന് ഓടി രക്ഷപെടുന്നതിനായി ശ്രമം.ഇതിനിടയിൽ ആന തുബികൈകൊണ്ട് തന്നെ അടിച്ചെന്നും തെറിച്ച് ഏലക്കാടിനുള്ളിൽ പതിച്ചെന്നുമാണ് സുമിത് പറയുന്നത്.ബഹളം കേട്ടെത്തിയവർ ആനയെ തുരത്തിയ ശേഷം സുമിതിനെ മൂന്നാർ ടാറ്റാ ആശുപത്രിയിൽ എത്തിച്ചു.

പരിശോധനയിൽ വലതുകാലിന് പൊട്ടലുള്ളതായി സ്ഥിരീകരിച്ചു.രാത്രി തന്നെ വിവരം അറിഞ്ഞിരുന്നെന്നും ആശുപത്രിയിൽ എത്തി സുമിത്തിന് ആവശ്യമായ ചികത്സ ലഭ്യാമാക്കിയെന്നും മൂന്നാർ ഫോറസ്റ്റ് റെയിഞ്ചോഫീസർ അറിയിച്ചു.

ഈ മാസം 14-ന് ചിന്നക്കനാലിലും സമാന സംഭവം ഉണ്ടായി. മധ്യപ്രദേശ് സ്വദേശി സതീഷ്‌കുമാർ(24)ആണ് ആനയുടെ മുന്നിൽപ്പെട്ടത്.രാവിലെ വീട്ടുസാമനങ്ങൾ വാങ്ങാൻ ഇറങ്ങിയതായിതുന്നു സതീഷ്.
ചെമ്പോല ഭാഗത്ത് എത്തിയപ്പോൾ മുറിവാലൻ കൊമ്പൻ എന്ന് നാട്ടിൽ അറിയപ്പെടുന്ന ആനയുടെ മുന്നിലാണ് സതീഷ് ചെന്ന് പെട്ടത്.മൂടൽമഞ്ഞ് വ്യാപിച്ചിരുന്നതിനാൽ ആന നിൽക്കുന്നത് സതീഷ് കണ്ടില്ല.കൈയെത്തും ദൂരത്തെത്തിയപ്പോഴാണ്് സതീഷ് ആനയെകാണുന്നത്.

ഓടി രക്ഷപെടുന്നതിടിടെ സതീഷിന് ആനയുടെ തുബികൈ പ്രഹരം ഏറ്റു.പുറത്താണ് അടിയേറ്റത്.നിസ്സാര പരിക്കേറ്റ സതീഷിന് ആവശ്യമായ ചികത്സ ലഭ്യമാക്കിയതായി ദേവികുളം ഫോറസ്റ്റ് റെയിഞ്ചോഫീസർ അറിയിച്ചു.

സമീപകാലത്ത് മൂന്നാർ മേഖലയിൽ കാട്ടാനകളുടെ കടന്നുകയറ്റവും ആക്രമണവും വർദ്ധിച്ചിരിക്കുകയാണെന്നും അടിയന്തിരമായി സർക്കാർ ഇക്കാര്യത്തിൽ ഇടപെടണമെന്നും ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.