- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'കോലി കടന്നുപോകുന്ന മാനസികാവസ്ഥ മനസ്സിലാകുന്ന ഒരേയൊരാൾ സച്ചിൻ; കോലി വിളിക്കുന്നില്ലെങ്കിൽ സച്ചിൻ അങ്ങോട്ടു വിളിക്കണം'; സച്ചിന് കൃത്യമായ ഉപദേശം നൽകാൻ കഴിയുമെന്ന് അജയ് ജഡേജ

മുംബൈ: ഫോം കണ്ടെത്താനാകാത്തതിനെ തുടർന്ന് കടുത്ത വിമർശനം നേരിടുന്ന വിരാട് കോലിയെ പിന്തുണച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അജയ് ജഡേജ. കോലി അദ്ദേഹത്തിന്റെ സെഞ്ചറികളെല്ലാം നേടിയത് ഇതേ തന്ത്രങ്ങൾ ഉപയോഗിച്ചാണ്. അതായത്, അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലിയല്ല, മനോഭാവത്തെക്കുറിച്ചാണ് തനിക്ക് ആശങ്കയുള്ളതെന്നും ജഡേജ പറയുന്നു.
'കോലി മഹാനായ കളിക്കാരനാണ്. അദ്ദേഹം റൺസ് നേടിയതിലേറെയും ഇപ്പോഴത്തേ അതേ ബാറ്റിങ് തന്ത്രങ്ങളിലൂടെയാണ്. മികച്ച ഫോമിൽ ആയിരിക്കുമ്പോഴും, സെഞ്ചറി നേടുമ്പോഴും എല്ലാ പന്തും നേരിടുന്നയാളായിരുന്നില്ല അദ്ദേഹം. ഇപ്പോൾ അദ്ദേഹത്തെ നോക്കി എന്തെങ്കിലും മാറ്റം വരുത്തിയോ എന്നു നിങ്ങൾ ചോദിക്കുകയാണോ? ഞാനങ്ങനെ കരുതുന്നില്ല. സ്‌കോർ വരുന്നില്ല എന്നതു പ്രശ്‌നമാണ്. ആദ്യത്തെ 10 - 12 പന്തുകളിൽ ഇരുപതോ മുപ്പതോ റൺസ് നേടുന്നതിനിടെ ഔട്ടാകുന്നതിൽ ആശങ്കയുണ്ട്.
എല്ലാ ബാറ്റർമാരും ഔട്ടാകും. അതിൽ പ്രശ്‌നം കാണേണ്ടതില്ല. കോലി ബാക്ക്ഫൂട്ടിൽ കളിക്കുമെന്ന് ആളുകൾ വിശ്വസിക്കുന്നതായി എനിക്കറിയാം. ടിവി സ്‌ക്രീനിനു മുന്നിലിരുന്നു കളി കാണുമ്പോൾ എല്ലാം എളുപ്പമാണെന്നു തോന്നാം. അദ്ദേഹം എല്ലായിപ്പോഴും ഇങ്ങനെത്തന്നെയാണു കളിച്ചിരുന്നത്. ചിലപ്പോൾ ബാക്ക്ഫൂട്ട് കളി സംഭവിക്കുന്നില്ലായിരിക്കും. എന്നെ സംബന്ധിച്ചു ശാരീരികമായി വിരാട് കോലിക്ക് ഒരു മാറ്റവുമില്ല. അദ്ദേഹത്തിന്റെ മനോഭാവത്തിനാണ് മാറ്റമുണ്ടാകേണ്ടതെന്നു കരുതുന്നു.
കോലി കടന്നുപോകുന്ന മാനസികാവസ്ഥ മനസ്സിലാകുന്ന ഒരേയൊരാൾ സച്ചിൻ തെൻഡുൽക്കറാണെന്നു ഞാൻ പറയും. 'നമുക്കൊന്നിരിക്കാം, ഭക്ഷണം കഴിക്കാം' എന്നു പറയാനാകുന്ന ഏകയാൾ സച്ചിനാണ്. കോലി വിളിക്കുന്നില്ലെങ്കിൽ, സച്ചിൻ അങ്ങോട്ടു വിളിക്കുമെന്നാണു ഞാൻ കരുതുന്നത്. ഈ ഘട്ടത്തിലൂടെ കടന്നുപോകുന്ന ചെറുപ്പക്കാരെ സഹായിക്കേണ്ടതു മുതിർന്നവരുടെ കടമയാണ്. സച്ചിൻ അതു ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു'
പരിചയ സമ്പന്നൻ എന്ന നിലയിലും ഈ സാഹചര്യങ്ങളിലൂടെ കടന്നുപോയ വ്യക്തി എന്ന നിലയിലും സച്ചിന് കൃത്യമായ ഉപദേശം നൽകാൻ കഴിയും. എട്ട് മാസം മുൻപുതന്നെ ഇക്കാര്യം താൻ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും ജഡേജ സോണി സിക്‌സിലെ ചർച്ചയ്ക്കിടെ പറഞ്ഞു.
വ്യാഴാഴ്ച പ്രഖ്യാപിച്ച വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലും കോലിയെ ഉൾപ്പെടുത്തിയിരുന്നില്ല. വെസ്റ്റിൻഡീസിനെതിരെ ഏകദിന പരമ്പരയിലും കോലി കളിക്കുന്നില്ല. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം നാഭിയിലെ പരുക്കു കാരണം കോലിക്കു നഷ്ടമായിരുന്നു. രണ്ടാം ഏകദിനത്തിൽ താരം കളിച്ചെങ്കിലും 25 പന്തിൽനിന്ന് 16 റൺസ് മാത്രമെടുത്തു പുറത്തായി.
ഏകദിനത്തിൽ കോലിയുടെ അവസാന സെഞ്ചുറി 2019 ഓഗസ്റ്റിലായിരുന്നു. ഇതിന് ശേഷം 23 ഇന്നിങ്‌സുകളാണ് കോലി കളിച്ചത്. കോലിയുടെ അവസാന അന്താരാഷ്ട്ര സെഞ്ചുറി 2019 നവംബർ 23ന് കൊൽക്കത്തിൽ ബംഗ്ലാദേശിനെതിരെ ആയിരുന്നു. ഇതിന് ശേഷം 78 ഇന്നിങ്‌സിലും കോലിക്ക് മൂന്നക്കത്തിൽ എത്താനായില്ല. അവസാന ഏഴ് ഇന്നിങ്‌സിൽ 23, 13, 11, 20, 1, 11, 16 എന്നിങ്ങനെയാണ് കോലിയുടെ സ്‌കോർ. മുപ്പത്തിമൂന്നുകാരനായ കോലി 102 ടെസ്റ്റിൽ 27 സെഞ്ചുറിയോടെ 8074 റൺസും 261 ഏകദിനത്തിൽ 43 സെഞ്ചുറിയോടെ 12327 റൺസും 99 ട്വന്റി 20യിൽ 3308 റൺസും നേടിയിട്ടുണ്ട്. 70 രാജ്യാന്തര ശതകങ്ങൾ കോലിയുടെ പേരിലുണ്ട്.
അതേ സമയം 2019ലെ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിൽ ആയിരത്തിലേറെ റൺസ് നേടിയ ഏക താരം വിരാട് കോലിയാണ്. ഇക്കാലയളവിൽ 46.6 ആണ് ബാറ്റിങ് ശരാശരി, സ്‌ട്രൈക്ക് റേറ്റ് 92ഉം. 2020ൽ കോലി കളിച്ചത് 9 ഏകദിനത്തിലാണെങ്കിൽ അഞ്ച് അർധസെഞ്ചുറിയോടെ 431 റൺസ് സ്വന്തമാക്കി. എങ്കിലും വൻ സ്‌കോറുകൾ നേടാൻ കഴിയാത്തതാണ് റൺ മെഷീനായ വിരാട് കോലിയെ വലിയ വിമർശനത്തിലാക്കിയത്. കോലിയെ ടീമിൽ നിന്ന് പുറത്താക്കണമെന്നും അതല്ല, അദ്ദേഹത്തിന് വിശ്രമം നൽകുകയാണ് വേണ്ടത് എന്നും വിലയിരുത്തലുകളുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ടീം ഇന്ത്യയുടെ വിൻഡീസ് യാത്രയിൽ കോലി ടീം ഇന്ത്യക്കൊപ്പമുണ്ടാകില്ല.


