- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അണ്ണാ ഡിഎംകെയിൽ തമ്മിലടിച്ച് ഇപിഎസ്, ഒപിഎസ് വിഭാഗങ്ങൾ; പരസ്പരം പുറത്താക്കി പോര് മുറുകുന്നു; പാർട്ടി ആസ്ഥാനം തുറക്കണമെന്ന ഹർജിയിൽ വിധി തിങ്കളാഴ്ച
ചെന്നൈ: തമിഴ്‌നാട്ടിലെ പ്രതിപക്ഷ കക്ഷിയായ അണ്ണാ ഡിഎംകെയിൽ ഇപിഎസ്, ഒപിഎസ് വിഭാഗങ്ങൾ തമ്മിൽ പോര് രൂക്ഷം. ഇരു പക്ഷവും പരസ്പം പുറത്താക്കി. കഴിഞ്ഞയാഴ്ച നടന്ന ജനറൽ കൗൺസിൽ യോഗത്തിന് ശേഷം പളനിസ്വാമിയും പനീർശെൽവവും പരസ്പരം പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
എടപ്പാടി പക്ഷത്തെ 44 പേരെ കൂടി പുറത്താക്കിയതായി പനീർശെൽവം അറിയിച്ചു. അണ്ണാ ഡിഎംകെയിലെ രണ്ടുപക്ഷത്തിന്റേയും അവകാശവാദം കണക്കിലെടുത്താൽ പാർട്ടിയിലെ മുഴുവൻ നേതാക്കളും ഇപ്പോൾ പാർട്ടിക്ക് പുറത്താണ്. പാർട്ടി ആസ്ഥാനം പൂട്ടി മുദ്രവച്ചിട്ട് അഞ്ച് ദിവസമാകുന്നു. പാർട്ടി ആസ്ഥാനം തുറക്കണം എന്നാവശ്യപ്പെട്ട് ഇപിഎസും ഒപിഎസും നൽകിയ ഹർജികളിൽ തിങ്കളാഴ്ച കോടതി വിധി പറയും.
ഇപിഎസ്, ഒപിഎസ് പോര് കൗതുകവും തമാശയും നിറഞ്ഞ രാഷ്ട്രീയ നാടകമായി മാറിയിരിക്കുന്നു. കഴിഞ്ഞ വാരം വാനഗരത്ത് ചേർന്ന ജനറൽ കൗൺസിൽ യോഗം പനീർശെൽവത്തെയും അദ്ദേഹത്തിന്റെ അടുത്ത അനുയായികളേയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പളനിസ്വാമി ജനറൽ സെക്രട്ടറി പദവി ഏറ്റെടുത്തു. തൊട്ടുപിന്നാലെ പനീർശെൽവം പളനിസ്വാമിയെ പാർട്ടിക്ക് പുറത്താക്കിയെന്ന് പ്രസ്താവനയിറക്കി. കഴിഞ്ഞ ദിവസം പനീർശെൽവവുമായി ബന്ധമുള്ള 18 നേതാക്കളെ പളനിസ്വാമി പുറത്താക്കി. തൊട്ടുപിറകെ പളനിസ്വാമി പക്ഷക്കാരായ22 പേരെ പനീർശെൽവവും പുറത്താക്കി.
ഒടുവിൽ എടപ്പാടി പക്ഷത്തെ 44 നേതാക്കളെ കൂടി ഒപിഎസ് പുറത്താക്കിയിരിക്കുന്നു. മുൻ മന്ത്രിമാരായ പൊള്ളാച്ചി വി ജയരാമൻ, എം ആർ വിജയഭാസ്‌കർ, സി വിജയഭാസ്‌കർ, ആർ കാമരാജ് അടക്കമുള്ള പ്രമുഖരെയാണ് ഒ പി എസ് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പുറത്താക്കിയത്. പനീർശെൽവം പക്ഷക്കാരനായ ആർ.വൈദ്യലിംഗം, പി.എച്ച്.മനോജ് പാണ്ഡ്യൻ, ജെസിടി പ്രഭാകർ എന്നിവരെ ആദ്യമേ പളനിസ്വാമി പുറത്താക്കി. ഒപിഎസിന്റെ മകനും തേനി എംപിയുമായ രവീന്ദ്രനാഥ്, മുൻ മന്ത്രി വെള്ളമണ്ടി നടരാജൻ തുടങ്ങിയ ഒപിഎസ് പക്ഷക്കാരേയും പിന്നാലെ ഇപിഎസ് പുറത്താക്കി.
അടച്ചുപൂട്ടിയ സംസ്ഥാന കമ്മിറ്റി ഓഫീസിനുമേൽ അവകാശവാദം ഉന്നയിച്ച് ഇരുവിഭാഗവും നൽകിയ ഹർജികൾ മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഓഫീസ് തുറന്നാൽ അക്രമം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട്. ഇതിനിടെ അണ്ണാ ഡിഎംകെയിലെ ശൈഥില്യം മുതലെടുക്കാൻ ടിടിവി ദിനകരനും കെ.പി.ശശികലയും പ്രചാരണ പരിപാടികൾ തുടങ്ങി. നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസനും സ്വന്തം പാർട്ടിയെ ശക്തമാക്കാനുള്ള പ്രചാരണ ജാഥ പ്രഖ്യാപിച്ചു.




