- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഹമ്മദ് പട്ടേൽ ഹൈക്കമാൻഡിന്റെ തീരുമാനം നടപ്പാക്കാൻ നിയോഗിക്കപ്പെട്ട ഇടനിലക്കാരൻ; നരേന്ദ്ര മോദിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നിൽ സോണിയാ ഗാന്ധി; ടീസ്റ്റ സെതൽവാദിനു പട്ടേൽ വഴി പണം നൽകിയെന്നും ബിജെപി; രാഷ്ട്രീയ പ്രതികാരത്തിൽ നിന്ന് മരിച്ചവരെ പോലും ഒഴിവാക്കുന്നില്ലെന്ന് തിരിച്ചടിച്ച് കോൺഗ്രസ് നേതൃത്വം
ന്യൂഡൽഹി: ഗുജറാത്ത് കലാപക്കേസിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരെ അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ ഗൂഢാലോചന നടത്തിയെന്ന ഗുജറാത്ത് പൊലീസിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിന് എതിരെ ആഞ്ഞടിച്ച് ബിജെപി. അഹമ്മദ് പട്ടേൽ ഇടപെട്ടിട്ടുണ്ടെങ്കിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഗൂഢാലോചനയെ കുറിച്ച് അറിവുണ്ടാകുമെന്നും, വെളിപ്പെടുത്തലിൽ സോണിയ മറുപടി പറയണമെന്നും ബിജെപി പ്രതികരിച്ചു.
ഗോധ്ര കലാപാനന്തരം സാമൂഹികപ്രവർത്തകയായ ടീസ്റ്റ സെതൽവാദ് 30 ലക്ഷം രൂപ സ്വീകരിച്ചുവെന്നാണു സാക്ഷിമൊഴി. എന്നാൽ ടീസ്റ്റയെ സ്വാധീനിക്കാൻ അഹമ്മദിനെ പ്രേരിപ്പിച്ചത് സോണിയ ഗാന്ധിയാണെന്നും പത്രസമ്മേളനത്തിൽ ബിജെപി ദേശീയ വക്താവ് സാംബിത് പാത്ര ആരോപിച്ചു.
ഗുജറാത്ത് കലാപക്കേസിൽ നരേന്ദ്ര മോദിയെ പ്രതിചേർക്കാൻ കോൺഗ്രസ് നേതാവായിരുന്ന അഹമ്മദ് പട്ടേൽ നിർദേശിച്ചതിനെ തുടർന്ന് ഗൂഢാലോചന നടന്നതായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐ.ടി.) കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സോണിയാഗാന്ധിക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ചു കൊണ്ട് ബിജെപി. വക്താവ് സംപിത് പാത്ര രംഗത്തെത്തിയത്.
ഹൈക്കമാൻഡിന്റെ തീരുമാനം നടപ്പാക്കാൻ നിയോഗിക്കപ്പെട്ട ഇടനിലക്കാരൻ മാത്രമായിരുന്നു അഹമ്മദ് പട്ടേൽ എന്നും പാത്ര ആരോപിച്ചു. നരേന്ദ്ര മോദിക്കെതിരെ ഗൂഢാലോചന നടത്താൻ പണം സമാഹരിച്ച് ടീസ്റ്റ സെതൽവാദിനു പട്ടേൽ വഴി പണം നൽകിയത് സോണിയ ഗാന്ധിയാണെന്നും സാംബിത് പാത്ര ആരോപിച്ചു.
എസ്‌ഐ.ടി. അഹമ്മദാബാദ് സെഷൻസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് മുൻ രാജ്യസഭാംഗവും, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായിരുന്ന അഹമ്മദ് പട്ടേലിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വിവിധ ഏജൻസികൾക്ക് വ്യാജരേഖകൾ നൽകിയെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്ത ടീസ്റ്റ സെതൽവാദ്, ആർ.ബി. ശ്രീകുമാർ, സഞ്ജീവ് ഭട്ട് എന്നിവരാണ് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ മോദിക്കും അദ്ദേഹത്തിന്റെ സർക്കാരിനുമെതിരെ ഗൂഢാലോചന നടത്തിയത് എന്നാണ് സത്യവാങ്മൂലത്തിൽ ആരോപിക്കുന്നത്. കലാപം നടന്ന് നാല് മാസങ്ങൾക്കുശേഷം ടീസ്റ്റ സെതൽവാദും, സഞ്ജീവ് ഭട്ടും ഡൽഹിയിൽ എത്തി രഹസ്യമായി അഹമ്മദ് പട്ടേലിനെ കണ്ടിരുന്നു.
അക്കാലത്ത് കേന്ദ്രത്തിൽ അധികാരത്തിലിരുന്ന പാർട്ടിയുടെ മറ്റ് ചില ദേശീയ നേതാക്കളുമായും ടീസ്റ്റ കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. ഗുജറാത്തിലെ പല പ്രമുഖ ബിജെപി. നേതാക്കളെയും കലാപക്കേസിൽ പ്രതിയാക്കാൻ ഈ കൂടിക്കാഴ്ചകളിൽ തീരുമാനമായിരുന്നതായി സത്യവാങ്മൂലത്തിൽ പ്രത്യേക അന്വേഷണ സംഘം അവകാശപ്പെട്ടിട്ടുണ്ട്.
എന്നാൽ ഗുജറാത്ത് പൊലീസിന്റെയും ബിജെപിയുടെയും ആരോപണങ്ങളോട് രൂക്ഷഭാഷയിലാണ് കോൺഗ്രസ് പ്രതികരിച്ചത്. ഗുജറാത്ത് കലാപക്കേസിൽ നിന്ന് കൈകഴുകാൻ നരേന്ദ്ര മോദി തയാറാക്കിയ തിരക്കഥയാണ് ഗുജറാത്ത് പൊലീസിന്റെ വെളിപ്പെടുത്തൽ എന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം. രാഷ്ട്രീയ പ്രതികാരത്തിൽ നിന്ന് മരിച്ചവരെ പോലും നരേന്ദ്ര മോദി ഒഴിവാക്കുന്നില്ല.
പ്രത്യേക അന്വേഷണ സംഘം മോദിയുടെ താത്പര്യങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും കോൺഗ്രസ് ദേശീയ നേതൃത്വം പത്രക്കുറിപ്പിൽ ആരോപിച്ചു. അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ എന്ന നിലയിൽ തങ്ങളുടെ ആരോപണങ്ങൾ മാധ്യമങ്ങൾക്കു നൽകുകയാണെന്ന് ബിജെപി ചെയ്യുന്നതെന്നും അഹമ്മദ് പട്ടേലിനെതിരായ ആരോപണങ്ങളിൽ തെല്ലും വാസ്തവമില്ലെന്നും കോൺഗ്രസ് പ്രതികരിച്ചു.
2002 ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരെ കുറ്റക്കാരാക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് അടുത്തിടെ ടീസ്റ്റയെയും മുൻ ഐപിഎസ് ഉദ്യോഗസ്ഥരായ ആർ.ബി.ശ്രീകുമാറിനെയും സഞ്ജീവ് ഭട്ടിനെയും അറസ്റ്റ് ചെയ്തിരുന്നു. 2002ലെ കലാപത്തിനു ശേഷം ഗുജറാത്തിലെ ബിജെപി സർക്കാരിനെ അട്ടിമറിക്കാൻ അഹമ്മദ് പട്ടേലിന്റെ അറിവോടെ നടത്തിയ വൻഗൂഢാലോചനയുടെ ഭാഗമായിരുന്നു ടീസ്റ്റയെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.




