ന്യൂഡൽഹി: ഡൽഹിയിലെ ജഹാംഗിർപുരിയിൽ യുവാവിന്റെ മുഖത്തേക്കു വെടിയുതിർത്ത സംഭവത്തിൽ നാലു കുട്ടികൾ ഡൽഹിയിൽ അറസ്റ്റിൽ. വെള്ളിയാഴ്ച വൈകിട്ട് 5.15നാണ് സംഭവം. ജാവേദ്(36) എന്ന വ്യക്തിക്കു നേരെയാണ് കുട്ടികൾ വെടിയുതിർത്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വെടിയുതിർക്കാൻ ഉപയോഗിച്ച തോക്ക് കണ്ടെടുത്തു.

ഏഴു മാസം മുൻപ് കുട്ടികളിൽ ഒരാളുടെ പിതാവിനെ ജാവേദ് മർദിച്ചിരുന്നെന്നും ഇതിനു പ്രതികാരമായാണ് വെടിവച്ചതെന്നുമാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് അറിയിച്ചു. വെടിയേറ്റ ജാവേദിനെ ആദ്യം പ്രദേശത്തെ ഒരു ആശുപത്രിയിലും പിന്നീട് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെന്ന് പൊലീസ് അറിയിച്ചു. ജാവേദിന്റെ വലതു കണ്ണിലാണ് വെടിയുണ്ട പതിച്ചതെന്നാണ് വിവരം. ജവേദ് അപകടനില തരണം ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച വൈകിട്ട് പാർക്കിൽ നിൽക്കുന്നതിനിടെ മൂന്ന് ആൺകുട്ടികൾ അവിടേക്കു വന്നെന്നും അതിൽ ഒരാൾ തന്റെ മുഖത്തേക്ക് വെടിയുതിർത്തെന്നുമാണ് ജാവേദ് മൊഴി നൽകിയതെന്ന് പൊലീസ് അറിയിച്ചു. വെടിയുതിർത്തശേഷം അവർ ഓടി രക്ഷപ്പെട്ടെന്നും ജാവേദ് പറഞ്ഞു.