ആലുവ: അങ്കമാലിയിൽ പൊലീസിന്റെ വൻ സ്പിരിറ്റ് വേട്ട. 2345 ലിറ്റർ സ്പിരിറ്റും 954 ലിറ്റർ മദ്യവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ ആളൂർ വെള്ളാഞ്ചിറ പാലപ്പെട്ടി കോളനി വാളിയാങ്കൽ വീട്ടിൽ ഡെനീഷ് ജോയി (32) ഇയാളുടെ ഭാര്യ അശ്വതി (30) എന്നിവരെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു.

അങ്കമാലി പട്ടണത്തിനോട് ചേർന്ന് വാടകക്കെടുത്ത വീട്ടിൽ നിന്നുമാണ് മദ്യവും സ്പിരിറ്റും പിടികൂടിയത്. തമിഴ്‌നാടിൽ നിന്നാണ് ഇവിടേക്ക് എത്തിയിരുന്നത്. കന്നാസുകളിലും, കുപ്പികളിലുമായാണ് സ്പിരിറ്റും മദ്യവും സൂക്ഷിച്ചിരുന്നത്. ആഴ്ചയിലാണ് ലോഡ് ഇവിടേക്ക് എത്തിക്കുന്നത്.

മദ്യക്കുപ്പിയിൽ ഒട്ടിക്കുന്ന ലേബൽ ഇവിടെ നിന്ന് കണ്ട് കിട്ടിയിട്ടുണ്ട്. തൃശൂർ റൂറൽ പൊലീസിന് ലഭിച്ച രഹസ്യ വിവരം അങ്കമാലി എസ് എച്ച് ഒ യെ അറിയിച്ചതിനെ തുടർന്ന് ആലുവ ഡി.വൈ.എസ്‌പി പി.കെ.ശിവൻകുട്ടി, ഇൻസ്‌പെക്ടർ സോണി മത്തായി, എസ്‌ഐമാരായ എൽദോ പോൾ, എസ് ഷെഫിൻ, എഎസ്ഐ എ.വി സുരേഷ്, എസ്.സി പി ഒ എം ആർ മിഥുൻ, അജിതാ തിലകൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.