കോഴിക്കോട്: കെ കെ രമയ്‌ക്കെതിരായ എം എം മണിയുടെ പരാമർശം ചർച്ചയാകവെ കോഴിക്കോട് ജില്ലയിൽ ഒരു പഞ്ചായത്തിൽ കൂടി ആർ എം പി ഐ ഭരണം. മാവൂർ ഗ്രാമ പഞ്ചായത്തിനെ ഇനി വരുന്ന ഒരു വർഷക്കാലം ആർ എം പി ഐയുടെ ടി രഞ്ചിത്ത് നയിക്കും. ഇന്നു നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ എട്ടിനെതിരെ പത്ത് വോട്ടുകൾ നേടിയാണ് യു ഡി എഫ് പിന്തുണയുള്ള ടി.രഞ്ചിത്ത് പ്രസിഡണ്ടായി തിരഞ്ഞെടുത്തത്.

എൽഡിഎഫിലെ എ പി മോഹൻദാസാണ് എതിർ സ്ഥാനാർത്ഥിയായി മൽസരിച്ചത്. രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് കോഴിക്കോട് ഭൂരേഖ തഹസിൽദാർ സി.ശ്രീകുമാർ വരണാധികാരിയായി. തുടർന്ന് നടന്ന ചടങ്ങിൽ ടി.രഞ്ചിത്ത് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. വരണാധികാരി ഭൂരേഖ തഹസിൽദാർ സി.ശ്രീകുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു.

എൽഡിഎഫ്. കോട്ടയായി അറിയപ്പെടുന്ന പതിനെട്ടാം വാർഡായ മണക്കാടുനിന്ന് 96 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ടി.രഞ്ചിത്ത് വിജയിച്ചത്. സിപിഎമ്മിന്റെ മുൻ കുന്ദമംഗലം ഏരിയാ സെക്രട്ടറിയായിരുന്ന കെ കെകുഞ്ഞി കണാരന്റെ മകനാണ് ടി.രഞ്ചിത്ത്. നിലവിൽ
മാവൂർ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ്. ടി.രഞ്ചിത്തിന് പ്രസിഡണ്ട് പദവി ലഭിച്ചതോടെ മാവൂരിലും ഒഞ്ചിയത്തുമടക്കം രണ്ട് പഞ്ചായത്തുകളിലെ അധ്യക്ഷപദവിയിൽ ഇനി ആർഎംപി ഐയുടെ അംഗങ്ങളാകുമുണ്ടാവുക.

ഏറാമലയിൽ അവസാന രണ്ടര വർഷം പ്രസിഡന്റ് പദവി ആർ എം പി ഐക്ക് ധാരണയായിട്ടുണ്ട്. ആർഎംപിഐ അംഗം പ്രസിഡണ്ടായതോടെ
യുഡി എഫിന്റെ നേതൃത്വത്തിൽ മാവൂർ അങ്ങാടിയിൽ ആഹ്‌ളാദ പ്രകടനം നടത്തി. തുടർന്ന് നടന്ന യോഗത്തിൽ ആർഎംപിഐ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.വേണു, ജില്ലാ സെക്രട്ടറി കെ. ചന്ദ്രൻ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വി എസ് രഞ്ചിത്ത്, മങ്ങാട്ട് അബ്ദുറസാഖ്,
തുടങ്ങിയവർ സംസാരിച്ചു.