കുറ്റിപ്പുറം: മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റും ദീർഘകാലം ജില്ലയിലെ കോൺഗ്രസിന്റെ മുഖവുമായിരുന്ന വി എം. കൊളക്കാട് എന്ന കുറ്റിപ്പുറം കൊളക്കാട് വകയിൽ മുഹമ്മദ് കുട്ടി (87) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെപിസിസി. അംഗമായിരുന്നു. കൊളക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

1970 മുതൽ 1980 വരെ ഡി.സി.സി. ജനറൽ സെക്രട്ടറിയും 1980 മുതൽ 1989 വരെ വൈസ് പ്രസിഡന്റുമായിരുന്നു. 1989 മുതൽ നാലു വർഷം പ്രസിഡന്റ് സ്ഥാനവും അലങ്കരിച്ച അദ്ദേഹത്തെ തേടി എത്തിയത് നിരവധി പദവികളായിരുന്നു. കേരള ഖാദിത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ, കേരള ഖാദി ആൻഡ് ഗ്രാമവ്യവസായ ബോർഡ് അംഗം, അഖിലേന്ത്യ പീസ് ആൻഡ് സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ്, കുറ്റിപ്പുറം സർവീസ് സഹകരണബാങ്ക് ഡയറക്ടർ, ബ്ലോക്ക് ഡെവലപ്മെന്റ് കമ്മിറ്റി ചെയർമാൻ, ജില്ലാ വികസന സമിതി അംഗം, തിരൂർ താലൂക്ക് മാർക്കറ്റിങ് സഹകരണസംഘം ഡയറക്ടർ, കൊച്ചി കൺസ്യൂമർ ഫെഡറേഷൻ വൈസ് ചെയർമാൻ, എറണാകുളം കൺസ്യൂമർ കോ-ഓപ്പറേറ്റീവ് വൈസ് ചെയർമാൻ, ദേശീയ കൺസ്യൂമർ കോ-ഓപ്പറേറ്റീവ് പ്രതിനിധി, തിരുവനന്തപുരം ക്ഷീരവിതരണ സൊസൈറ്റി ഡയറക്ടർ, കേരള ഗ്രന്ഥശാല സംഘം കൺട്രോൾ ബോർഡ് അംഗം, സംസ്ഥാന സാക്ഷരതാ ബോർഡ് ഡയറക്ടർ, ഗ്രാജ്വേഷൻ കമ്മിറ്റി ചെയർമാൻ, നടുവട്ടം മൺപാത്രവ്യവസായ സംഘം ഡയറക്ടർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.

വകയിൽ ഹൈദ്രുവിന്റെയും ഫാത്തിമ്മകുട്ടിയുടെയും മകനായി 1936-ൽ ജനനം. ഭാര്യ: ഖദീജ. മക്കൾ: മുസ്തഫ, ഹൈദർ അഷ്‌റഫ്, യൂനുസ് (ദുബായ്), അൻവർ (ഖത്തർ), അഡ്വ. മുജീബ് കൊളക്കാട് (കുറ്റിപ്പുറം ബ്‌ളോക്ക് കോൺഗ്രസ് പ്രസിഡന്റ്), സക്കീന, നൂർജഹാൻ, പരേതയായ ജാസ്മിൻ. മരുമക്കൾ: ബക്കർ, കാസിം, ഹുസൈൻ, റുഖിയ, കദീജ, ഖമറുന്നിൻ, അസ്മത്ത്, വഹീദ.