കുരങ്ങു പനിക്കെതിരെയുള്ള വാക്സിൻ പദ്ധതി ത്വരിതപ്പെടുത്തിയില്ലെങ്കിൽ ഈ വർഷം അവസാനമാകുമ്പോഴേക്കും ബ്രിട്ടനിലാകെ അത് പടർന്ന് പിടിക്കാൻ ഇടയുണ്ടെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. കുട്ടികളേയും ഇത് ബാധിക്കാൻ ഇടയുണ്ട് എന്നു മാത്രമല്ല, കുട്ടികളിൽ ഇത് മരണകാരണം വരെ ആകാനും സാദ്ധ്യതയും ഉണ്ടെന്ന് ആവർ മുന്നറിയിപ്പ് നൽകുന്നു. നില്വിൽ ഏത് സമയത്തും 50,000 വാക്സിനുകൾ സ്റ്റോക്കിൽ ഉണ്ടാകുമെങ്കിലും, ആവശ്യമായ വേഗതയിൽ വാക്സിൻ പദ്ധതി പൂർത്തിയാക്കാൻ ഇതിന്റെ നാലിരട്ടി വാക്സിനെങ്കിലും സ്റ്റോക്കിൽ ഉണ്ടാകണമെന്ന് അവർ പറയുന്നു.

യു കെയിൽ ഇതുവരെ 1,850 പേർക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചിരിക്കുന്നത്. ശരീരമാസകലം കടുത്തപേദനയുളവാക്കുന്ന പരുക്കളോ ചുവന്ന തണിർപ്പുകളോ ഉണ്ടാകുന്നതാണ് ലക്ഷണം. ഓരോ പതിനഞ്ച് ദിവസവും രോഗികളുടെ എണ്ണം ഇരട്ടിയാവുകയാണ് എന്നതാണ് ഏറെ ആശങ്കയുയർത്തുന്ന കാര്യം. പ്രധാനമായും ഈ രോഗം കണ്ടെത്തുന്നത് സ്വവർഗ തത്പരരായ പുരുഷന്മാരിലാണ്. അതുകോണ്ടു തന്നെ ലണ്ടനിലെ 50 വയസ്സു കഴിഞ്ഞ സ്വവർഗ തത്പരരായ പുരുഷന്മാർ എല്ലാവരും വാക്സിൻ സ്വീകരിക്കണം എന്ന് ആരോഗ്യ രംഗത്തെ പ്രമുഖർ ആവശ്യപ്പെടുന്നു. മാത്രമല്ല, ഗേ ബാറുകളിൽ പോകുന്ന സ്ത്രീകളും ഈ വാക്സിൻ എടുക്കണം.

ലൈംഗിക ബന്ധം പോലുള്ള വളരെ അടുത്ത ശാരീരിക ബന്ധങ്ങളിൽ കൂടിയാണ് ഈ വൈറസ് പകരുക. അതേസമയം, ചുംബനത്തിലൂടെയും ആലിംഗനത്തിലൂടെയും ഇത് പടരാം. രോഗബാധിതനായ ഒരു വ്യക്തിയുമൊത്ത് ഏറെ സമയം ചെലവഴിച്ചാലും ഇത് പടരുവാനുള്ള സാധ്യതയുണ്ട്. വാക്സിന് ഫലപ്രദമായ സംരക്ഷണം നൽകാൻ കഴിയുമെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാൽ, വാക്സിൻ നൽകുന്ന പദ്ധതി വളരെ മന്ദഗതിയിലാണ് പോകുന്നത് എന്നാണ് പരക്കെ ഉയരുന്ന വിമർശനം.

കുട്ടികളിലേക്ക് പടരും എന്നതാണ് ഏറെ ആശങ്കയുയർത്തുന്നത്. മുതിർന്നവരിൽ ഇത് ഒരു മരണകാരണമാവുകയില്ലെങ്കിലും, കുട്ടികളിൽ കുരങ്ങുപനി മരണകാരണമായേക്കാം എന്നാണ് ആരോഗ്യ വിദഗ്ദ്ധർ വിലയിരുത്തുന്നത്. ലണ്ടനിലെ ഒരു സ്‌കൂൾ വിദ്യാർത്ഥി ഒരു കുരങ്ങു പനി രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതിനാൽ, അടുത്ത ടേം അവസാനിക്കുന്നതു വരെ ആ വിദ്യാർത്ഥിക്ക് വീട്ടിലിരുന്ന് ക്ലാസ്സ് അറ്റൻഡ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് വാക്സിൻ എടുക്കുന്നതുവരെ കുട്ടികളെ വാരിപ്പുണരരുത് എന്നും ചുംബിക്കരുത് എന്നും മാതാപിതാക്കൾക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.

നിലവിൽ രണ്ട് വാക്സിനുകളാണ് കുരങ്ങുപനിക്കെതിരെ ലഭ്യമായിട്ടുള്ളത്. അതിൽ ഒന്ന് ഒരു ഡാനിഷ് കമ്പനി വികസിപ്പിച്ചെടുത്ത കുരങ്ങുപനിക്ക് എതിരായ വാക്സിനാണ്. മറ്റൊന്ന് പരീക്ഷിച്ച് വിജയം കണ്ട വസൂരിക്കെതിരെയുള്ള വാക്സിനും. ഇത് രണ്ടും രോഗം തടയുന്നതിൽ ഫലപ്രദമാണെന്നാണ് തെളിഞ്ഞിട്ടുള്ളത്.

ലോകത്തെ പല ഭാഗങ്ങളിലും കുരങ്ങുപനി സ്ഥിരീകരിച്ചതോടെ കുരങ്ങുപനിയെഒരു ആഗോള ആശങ്കയായി പരിഗണിക്കുന്ന കാര്യം ആലോചിക്കുകയാണ് ലോകാരോഗ്യ സംഘടന. ഇതുമായി ബന്ധപ്പെട്ട് ഒരു ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യവും സംഘടന പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഇതുവരെ 63 രാജ്യങ്ങളിലായി 9,200 പേർക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുള്ളത് എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. അതിൽ 1735 പേർ യു കെയിൽ നിന്നാണ്.

കുരങ്ങുപനിയെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ലോകാരോഗ്യ സംഘടനയുടെ ഒരു അടിയന്തര യോഗം ഉടൻ ചേരും. ഇത്തരത്തിലുള്ള രണ്ടാമത്തെ യോഗമാണത്. അടിയന്തര കമ്മിറ്റി സാഹചര്യം വിലയിരുത്തി വിശകലനം ചെയ്തതിനു ശേഷം റിപ്പോർട്ട് ഡയറക്ടർ ജനറലിന് കൈമാറും.