ഊട്ടി: ഊട്ടിയിൽ മാനസികനിലതെറ്റിയ യുവാവിനെ ഒരുസംഘം ആളുകൾ അടിച്ചുകൊന്നു. ഊട്ടി അണികൊറ സ്വദേശി കൃഷ്ണകുമാർ (43) ആണ് മർദ്ദനത്തിനിടെ കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഊട്ടി സ്വദേശികളായ മോസിൻ, ഇർഷാദ്, ഹക്കിം, രാജ്കുമാർ എന്നിവരെ അറസ്റ്റ് ചെയ്തു. ഊട്ടി ചേരിങ് ക്രോസിൽ വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം.

ഊട്ടി ചേരിങ് ക്രോസിൽ കൃഷ്ണകുമാറും അറസ്റ്റിലായവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന്, നാലംഗ സംഘം കൃഷ്ണകുമാറിനെ മർദിക്കുകയായിരുന്നു. കുഴഞ്ഞുവീണ കൃഷ്ണകുമാർ മണിക്കൂറുകൾ കഴിഞ്ഞും എഴുന്നേൽക്കാത്തതിനെത്തുടർന്ന് സമീപത്തുണ്ടായിരുന്നവർ ആംബുലൻസ് വരുത്തി ഊട്ടി മെഡിക്കൽകോളേജ് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരിച്ചതായി ഡോക്ടർമാർ പറഞ്ഞു. സംഭവത്തെത്തുടർന്ന് ഊട്ടിയിൽ സംഘർഷാവസ്ഥയുണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊലീസ് ശക്തമായ സുരക്ഷ ഏർപ്പെടുത്തി.

ശനിയാഴ്ച കൃഷ്ണകുമാറിന്റെ മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു. തുടർന്ന്, ഡി.എസ്‌പി. മഹേശ്വരർ, ആർ.ഡി.ഒ. ദുരൈസ്വാമി എന്നിവർ ബന്ധുക്കളുമായി ചർച്ചനടത്തിയതിനുശേഷമാണ് മൃതദേഹം ഏറ്റുവാങ്ങിയത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് കൃഷ്ണകുമാറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നാട്ടുകാരും ഹിന്ദുമുന്നണി പ്രവർത്തകരും എ.ടി.സി. ബസ് സ്റ്റാൻഡിൽ പ്രതിഷേധം സംഘടിപ്പിച്ചു. ബിരുദധാരിയായ കൃഷ്ണകുമാർ രണ്ടുവർഷം മുമ്പുവരെ ഒരു ഹോട്ടലിലെ മാനേജരായിരുന്നു.