ഹൈദരാബാദ്: ഹൈദരാബാദ് നഗരത്തിലേയും സമീപ പ്രദേശങ്ങളിലേയും അനധികൃത കായൽ കൈയേറ്റങ്ങൾ തടയുന്നതിൽ വീഴ്ച വരുത്തിയതിന്‌ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനെ വിമർശിച്ച് ദേശീയ ഹരിത ട്രിബ്യൂണൽ. കായൽ കൈയേറ്റങ്ങൾ സംബന്ധിച്ച് ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജിഎച്ച്എംസി) സമർപ്പിച്ച റിപ്പോർട്ടിന്മേലാണ് ട്രിബ്യൂണലിന്റെ പരാമർശം.

കോർപ്പറേഷൻ മുമ്പ് സമർപ്പിച്ച റിപ്പോർട്ടിൽ ഫുൾ ടാങ്ക് ലെവലിൽ (FTL-നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിരോധനമുള്ള കായൽ പ്രദേശം) 8,718 കൈയേറ്റങ്ങളും, സമീപമുള്ള ബഫർ സോൺ മേഖലകളിൽ 5,343 കൈയേറ്റങ്ങളും കണ്ടെത്തിയിരുന്നു.

കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചുവെന്നും കോർപ്പറേഷൻ ട്രിബ്യൂണലിനെ അറിയിച്ചു. എന്നാൽ കൈയേറ്റങ്ങൾ തടയാൻ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ സ്വീകരിച്ച നടപടികൾ പേപ്പറുകളിലൊതുങ്ങി, പ്രാവർത്തികമാക്കിയില്ലെന്നുമാണ് ട്രിബ്യൂണലിന്റെ വിമർശനം.

നിർദേശങ്ങളിൽ വീഴ്ച വരുത്തിയ സാഹചര്യത്തിൽ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരോടും, ജില്ലാ കളക്ടർമാരോടും ജലാശയങ്ങളിലെ കൈയേറ്റങ്ങൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ നിർദേശിച്ചിരിക്കുകയാണ് ദേശീയ ഹരിത ട്രിബ്യൂണൽ.

അതേസമയം ട്രിബ്യൂണലിന്റെ നിർദേശങ്ങൾ ഇതിന് മുമ്പും മുനിസിപ്പൽ കോർപ്പറേഷൻ നടപ്പാക്കാത്ത സാഹചര്യമുണ്ടായിരുന്നുവെന്ന് പരിസ്ഥിതി പ്രവർത്തകനായ പുരുഷോത്തം റെഡ്ഡി പറഞ്ഞു.