ന്യൂഡൽഹി: ഇരുന്നൂറ് കോടി ഡോസ് കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കി ഇന്ത്യ. രാജ്യത്തെ സംബന്ധിച്ച് ചരിത്ര സംഭവമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ പ്രായപൂർത്തിയായ 98 ശതമാനം ആളുകളും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരാണെന്നും 90 ശതമാനം ഒരു ഡോസ് സ്വീകരിച്ചവരാണെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കിൽ പറയുന്നു.

15-18 പ്രായപരിധിയിലുള്ളവരുടെ വാക്സിനേഷനിൽ 82 ശതമാനം പേർ ഒരു ഡോസും 68 ശതമാനം പേർ രണ്ട് ഡോസും സ്വീകരിച്ചുവെന്നും മന്ത്രാലയം വ്യക്തമാക്കി. 15 വയസ്സിന് മുകളിലുള്ളവരുടെ വാക്സിനേഷൻ 2022 ജനുവരി മൂന്നിനാണ് ആരംഭിച്ചത്.

വാക്സിനേഷന്റെ കാര്യത്തിൽ രാജ്യം ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. 200 കോടിയെന്ന സംഖ്യ പിന്നിട്ട അവസരത്തിൽ ഇതിന് പിന്നിൽ പ്രവർത്തിച്ചവരേയും, ഒപ്പം ഓരോ പൗരനേയും അനുമോദിക്കുന്നെന്നും മോദി ട്വിറ്ററിൽ കുറിച്ചു. ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയും അഭിനന്ദനവുമായി ട്വീറ്റ് ചെയ്തു.