ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് എതിരെ ആർജെഡി നേതാവ് തേജസ്വി യാദവ് നടത്തിയ വിവാദ പരാമർശത്തിൽ വിമർശനവുമായി ബിജെപി. രാഷ്ട്രപതി ഭവനിൽ ഒരു പ്രതിമയുടെ ആവശ്യമില്ലെന്നായിരുന്നു തേജസ്വിയുടെ വാക്കുകൾ.

രാജ്യത്തിന് അപമാനമാണ് ഇത്തരം പരാമർശമെന്നും വനിത കൂടിയായ ഭാവി പ്രസിഡന്റിന് എതിരെയാണ് തേജസ്വി ഇത്തരം വാക്കുകൾ ഉപയോഗിച്ചതെന്ന് ബിജെപി നേതാവ് മഞ്ജീന്ദർ സിങ് സിർസ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞു.

കോൺഗ്രസും പ്രതിപക്ഷവും രാഷ്ട്രപതി സ്ഥാനാർത്ഥിയെ അപമാനിക്കുന്നത് ഇത് ആദ്യമായിട്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് പിന്തുണ നൽകാനുള്ള തീരുമാനം വ്യക്തമാക്കിക്കൊണ്ടാണ് ബിഹാറിലെ പ്രതിപക്ഷ നേതാവ് കൂടിയായ തേജസ്വി യാദവ് ദ്രൗപദി മുർമുവിനെ വിമർശിച്ചത്.

രാഷ്ട്രപതി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം യശ്വന്ത് സിൻഹ പലതവണ മാധ്യമങ്ങളെ കണ്ടിട്ടുണ്ട്. പക്ഷെ ദ്രൗപദി മുർമു ഒരിക്കൽ പോലും മാധ്യമങ്ങളോട് സംസാരിച്ചിട്ടില്ലെന്ന വാദം ഉന്നയിച്ചായിരുന്നു തേജസ്വിയുടെ പരാമർശം.

തിങ്കളാഴ്ചയാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുക. ഈ പദവിയിലെത്തുന്ന ആദ്യ ഗോത്രവനിതയാകും വിജയം ഉറപ്പിച്ച ദ്രൗപദി മുർമു. ജൂലൈ 24 നാണ് നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്ഥാനമൊഴിയുന്നത്.