ഹൈദരാബാദ്: ഗോദാവരി നദീതടത്തിൽ ഉൾപ്പെടെ രാജ്യത്തിന്റെ ചിലഭാഗങ്ങളിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ വിദേശകരങ്ങളുടെ പങ്ക് ആരോപിച്ച് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. ഭദ്രാദ്രി-കോതാഗുഡം ജില്ലയിലെ പ്രളയബാധിത നഗരമായ ഭദ്രാചലം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയഭീഷണിക്ക് സ്ഥിരം പരിഹാരമെന്ന നിലയിൽ ഉയർന്ന മേഖലകളിൽ കോളനികൾ നിർമ്മിക്കുന്നതിന് ആയിരം കോടിയുടെ പുനരധിവാസ പാക്കേജും ചന്ദ്രശേഖര റാവു പ്രഖ്യാപിച്ചു.

മേഘവിസ്ഫോടനം എന്നു വിളിക്കുന്ന ഒരു പുതിയ സംഗതി വന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഗൂഢാലോചനകളുണ്ടെന്ന് ആളുകൾ പറയുന്നു. അത് എത്രമാത്രം സത്യമാണെന്ന് നമുക്കറിയില്ല. ചില വിദേശരാജ്യങ്ങൾ നമ്മുടെ രാജ്യത്ത് ആസൂത്രിതമായി മേഘവിസ്ഫോടനം നടത്തുകയാണ്.

നേരത്തെ അവർ ലേ (ലഡാക്ക്) യിൽ നടത്തി. പിന്നീട് അവർ ഉത്തരാഖണ്ഡിലും അത് ചെയ്തു. ഗോദാവരി തടത്തിലും അത് നടപ്പാക്കുന്നതായി ആശങ്കയുണർത്തുന്ന വിവരം ലഭിച്ചിട്ടുണ്ട്. എന്തായാലും ഇത്തരത്തിലുള്ള ദുരന്തങ്ങൾ സംഭവിക്കുന്നത് കാലാവസ്ഥയിലുണ്ടാകുന്ന മാറ്റത്തേത്തുടർന്നാണ്. അതിനാൽത്തന്നെ നാം ജനങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്, ചന്ദ്രശേഖർ റാവു പറഞ്ഞു.

അതേസമയം, മേഘവിസ്ഫോടനത്തെ കുറിച്ചുള്ള ചന്ദ്രശേഖർ റാവുവിന്റെ പരാമർശത്തെ പരിഹസിച്ച് തെലങ്കാന ബിജെപി. അധ്യക്ഷനും എംപിയുമായ ബണ്ടി സഞ്ജയ് കുമാർ രംഗത്തെത്തി. കെ.സി.ആറിന്റെ പരാമർശം നൂറ്റാണ്ടിലെ തമാശയാണെന്ന് അദ്ദേഹം പറഞ്ഞു. വീഴ്ചകൾ മറയ്ക്കാൻ കെ.സി.ആർ. നാടകം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.