ബറേലി: നാല് മാസം പ്രായമുള്ള കുട്ടിയെ മൂന്നുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് കുരങ്ങന്മാർ താഴേക്കെറിഞ്ഞ് കൊന്നതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്ന് ബറേലിയിലെ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ലളിത് വർമ പറഞ്ഞു.

ബറേലിയിലെ ദുംഗ ഗ്രാമത്തിലെ നിർദേശ് ഉപാധ്യായ എന്നയാളുടെ കുട്ടിയാണ് മരിച്ചത്. നിർദേശും ഭാര്യയും കുട്ടിക്കൊപ്പം ടെറസിൽ നടക്കുകയായിരുന്നു. ഈ സമയത്ത് കുരങ്ങന്മാരുടെ ഒരു കൂട്ടം ടെറസിൽ എത്തി. നിർദേശ് കുരങ്ങന്മാരെ ഓടിക്കാൻ ശ്രമിച്ചുവെങ്കിലും അവ ഇയാളെ വളയുകയായിരുന്നു.

പടിക്കെട്ട് വഴി താഴേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ നിർദേശിന്റെ കൈയിൽ നിന്ന് കുട്ടി താഴെ വീഴുകയായിരുന്നു. ഇതിനിടെ ഒരു കുരങ്ങൻ കുട്ടിയെ നിലത്ത് നിന്ന് എടുത്ത് താഴേക്ക് എറിയുകയായിരുന്നെന്നാണ് റിപ്പോർട്ട്. നിലത്ത് വീണ കുട്ടി തൽക്ഷണം മരിച്ചു.