മലപ്പുറം: പ്രായമായ സ്ത്രീകളെ സമീപിച്ച് പെൻഷനും മറ്റും ശരിയാക്കിത്തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് സ്വർണാഭരണങ്ങൾ കൈക്കലാക്കി മുങ്ങി നടന്ന പ്രതിയെ തിരൂർ പൊലീസ് പിടികൂടി. തൃശ്ശൂർ ചാവക്കാട് സ്വദേശിയായ പട്ടാട്ട് യൂസഫ്(42)നെയാണ് തിരൂർ സ്വദേശിനിയെ പെൻഷൻ വാഗ്ദാനം ചെയ്ത് മൂന്നര പവൻ സ്വർണാഭരണം കൈക്കലാക്കി മുങ്ങിയ കേസിൽ മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്.

കഴിഞ്ഞാഴ്ചയാണ് ഇയാൾ തിരൂരിൽ വെച്ച് പെൻഷൻ ശരിയാക്കിത്തരാമെന്നു പറഞ്ഞ് മധ്യവയസ്‌കയായ സ്ത്രീയെ സമീപിച്ച് പ്രീമിയം അടയ്ക്കാനുള്ള തുകയുടെ പേര് പറഞ്ഞ് സ്വർണാഭരണം കൈക്കലാക്കി മുങ്ങിയത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിൽ കഴിഞ്ഞദിവസം പുലർച്ചെ ചാവക്കാടുള്ള വീട്ടിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു.

അന്വേഷണത്തിൽ സ്വർണാഭരണങ്ങൾ കോഴിക്കോട് മിഠായി തെരുവിലെ ജൂവലറിയിൽ നിന്നും ഉരുക്കിയ നിലയിൽ കണ്ടെടുത്തു. തൃശ്ശൂർ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ ഉള്ള പ്രതി കഴിഞ്ഞവർഷം സമാനമായ കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതാണ്. നിലവിൽ ഇത്തരത്തിലുള്ള പല കേസുകൾ കോഴിക്കോട് , മലപ്പുറം, പാലക്കാട് ജില്ലകളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണെന്നും അന്വേഷണത്തിൽ ഇയാൾ തന്നെയാണെന്ന് തിരിച്ചറിഞ്ഞിട്ടുള്ളതാണെന്നും പൊലീസ് പറഞ്ഞു.

തിരൂർ ഡി.വൈ.എസ്‌പി ബെന്നി, സിഐ ജിജോ എം.ജെ, എസ്‌ഐ ജലീൽ കറുത്തേടത്ത് എഎസ്ഐ പ്രതീഷ് കുമാർ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷിജിത്ത് കെ.കെ, രാജേഷ് കെ.ആർ സിവിൽ പൊലീസ് ഓഫീസർമാരായ ഉണ്ണിക്കുട്ടൻ വേട്ടാത്ത് , അരുൺ .സി എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.

തിരൂർ മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മലപ്പുറം ജില്ലയിലെ വളാഞ്ചേരി, കോഴിക്കോട് ജില്ലയിലെ നല്ലളം പൊലീസ് സ്റ്റേഷനുകളിൽ സ്ത്രീകളുടെ പരാതിയിൽ കേസടുത്തു പ്രതിയെ അന്വേഷിച്ച് വരികയാണ് തിരൂര് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റു പല സ്ഥലങ്ങളിലും ഇയാൾ സമാന രീതിയിൽ സ്ത്രീകളെ കബളിപ്പിച്ചിട്ടുണ്ട്.