ന്യൂഡൽഹി: എൻഡോസൾഫാൻ ദുരിത ബാധിതർക്ക് സഹായം ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ജെബി മേത്തർ എംപി.യുടെ പരാതിയിലാണ് നടപടി. കാസർകോട് എൻഡോസൾഫാൻ ദുരിതബാധിതയായ മകള കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ജെബി പരാതി നൽകിയത്.

എൻഡോസൾഫാൻ കേസിലെ കോടതിയലക്ഷ്യ ഹർജിയിൽ വിധി നടപ്പാക്കുന്നതിലെ പുരോഗതി റിപ്പോർട്ട് കേരളം സുപ്രിം കോടതിയിൽ കഴിഞ്ഞ ദിവസം സമർപ്പിച്ചിരുന്നു. കോടതി ഉത്തരവ് പ്രകാരം കോടതിയലക്ഷ്യ കേസിൽ സുപ്രീം കോടതിയെ സമീപിച്ച എട്ട് ഇരകൾക്ക് അമ്പതിനായിരം രൂപ കോടതി ചെലവിന് നൽകിയെന്ന് കേരളം അറിയിച്ചു. 2107 ലെ വിധിപ്രകാരം അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അർഹരായ 3714 പേരുടെ പട്ടിക തയ്യാറാക്കി. 3667 പേർക്ക് തുക നൽകി.

ബാക്കിയുള്ള നാൽപത്തിയേഴ് പേരിൽ 25 പേരെ കണ്ടെത്താനുണ്ടെന്നു ഇവരെ തിരിച്ചറിയാൻ നടപടികൾ തുടരുകയാണെന്നും കേരളം സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മൂന്ന് മാസത്തിനിടെ നാല് യോഗം ചേർന്ന് പുരോഗതി വിലയിരുത്തിയെന്നും കേരളം അറിയിച്ചു. 2017 വിധി നടപ്പാക്കാത്തതിനെതിരെ ഇരകളായവർ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിൽ സുപ്രീം കോടതി കേരളത്തിനെതിരെ നേരത്തെ രൂക്ഷമായ വിമർശനമാണ് ഉയർത്തിയത്. കേസ് തിങ്കളാഴ്‌ച്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് കേരളം റിപ്പോർട്ട് സമർപ്പിച്ചത്.