തിരുവനന്തപുരം: അർബുദബാധയെ തുടർന്ന് അന്തരിച്ച തിരുവനന്തപുരം കുടുംബകോടതി ജഡ്ജി ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പിൽ പാറയിൽ വീട്ടിൽ ബിജുമേനോന്(53) ആദരാഞ്ജലികൾ. അർബുദരോഗത്തെത്തുടർന്ന് രണ്ടുമാസമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഞായറാഴ്ച പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു.

അമ്മയറിയാതെ കുഞ്ഞിനെ ദത്തുനൽകിയ ശിശുക്ഷേമസമിതിയുടെ നടപടിയുമായി ബന്ധപ്പെട്ട വിവാദ കേസിൽ, കുഞ്ഞിന്റെ അമ്മ അനുപമയ്ക്ക് അനുകൂലമായ നിർണായകവിധി പുറപ്പെടുവിച്ചത് ബിജുമേനോനായിരുന്നു. ദത്തുനടപടികൾ അവസാനഘട്ടത്തിലെത്തിയപ്പോൾ ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് നടപടികൾ നിർത്തിവച്ചതും കുഞ്ഞിനെ ആന്ധ്രയിൽനിന്നു തിരികെ എത്തിച്ചതും.

പരേതനായ രാംദാസ് മേനോന്റെയും സുഭദ്ര അമ്മയുടെയും മകനാണ്. ഇരിങ്ങാലക്കുട ഡോൺബോസ്‌കോ സ്‌കൂൾ, ക്രൈസ്റ്റ് കോളേജ്, കോഴിക്കോട് ഗവ. ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. അഭിഭാഷകനായി ഇരിങ്ങാലക്കുടയിൽ പ്രാക്ടീസ് ആരംഭിച്ചതിനു ശേഷം 2000-ൽ ആലുവയിൽ മുൻസിഫായി ജുഡീഷ്യൽ സർവീസിൽ പ്രവേശിച്ചു. എറണാകുളം, വടക്കാഞ്ചേരി, കോഴിക്കോട് എന്നിവിടങ്ങളിൽ മുൻസിഫായും മജിസ്ട്രേറ്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് കോഴിക്കോട് സി.ജെ.എമ്മായി പ്രവർത്തിച്ചു.

തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ അഡീഷണൽ ജില്ലാ ജഡ്ജിയായിരുന്നു. എറണാകുളത്ത് അഡീഷണൽ ജില്ലാ ജഡ്ജിയായിരിക്കുമ്പോൾ സഭാ തർക്കവുമായി ബന്ധപ്പെട്ട കേസുകളാണ് പരിഗണിച്ചിരുന്നത്. ഇക്കാലയളവിൽ കാൽനൂറ്റാണ്ടോളം പഴക്കമുള്ള തർക്കങ്ങൾ പരിഹരിക്കുന്ന നിർണായകമായ വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്. നേരത്തെ ഇരിങ്ങാലക്കുടയിൽനിന്ന് നഗരസഭയിലേക്കും നിയമസഭയിലേക്കും ബിജെപി. സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്.

ഭാര്യ: സന്ധ്യ(ജില്ലാ പ്രോഗ്രാം ഓഫീസർ, എസ്.എസ്.കെ. ചാല, തിരുവനന്തപുരം). മക്കൾ: ഋഷികേശ്(നിയമവിദ്യാർത്ഥി, ലോ അക്കാദമി ലോ കോളേജ്), നീരജ(പ്ലസ്ടു വിദ്യാർത്ഥിനി). സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11-ന് ഇരിങ്ങാലക്കുടയിലെ കുടുംബവീട്ടിൽ.