പ്രധാനമന്ത്രിയാകാനുള്ള നേതാവിനെ കണ്ടെത്താനുള്ള ടൊറികളുടെ വോട്ടെടുപ്പിന്റെ മൂന്നാം ഘട്ടം ഇന്ന് നടക്കാനിരിക്കെ മത്സരത്തിൽ കറുത്ത കുതിരയായി ഉയർന്നുവന്ന് പെന്നി മൊർഡൗണ്ടിനെതിരെ പുതിയ ആരോപണങ്ങൾഉയർന്നു വരുന്നു. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ അവരിട്ട ഒരു ട്വീറ്റർ പോസ്റ്റ് കുത്തിപ്പൊക്കിയാണ് ഇപ്പോൾ വിവാദമാക്കുന്നത്. 2009- ൽ തന്നെ ബ്രിട്ടീഷ് സർക്കാർ അകലം പാലിക്കാൻ തീരുമാനിച്ച ഒരു ഇസ്ലാമിക സംഘടനയുമായി അവർക്കുള്ള ബന്ധമാണ് ഈ ട്വീറ്റ് കുത്തിപ്പൊക്കുക വഴി ഇപ്പോൾ സംസാരവിഷയമായിരിക്കുന്നത്.

മുസ്ലിം കൗൺസിൽ ഓഫ് ബ്രിട്ടൻ (എം സി ബി) എന്ന സംഘടനയുടെ ഡെപ്യുട്ടി സെക്രട്ടറി ജനറലിന്റെ ഒരു പ്രസ്താവന വിവാദമായതോടെയായിരുന്നു 2009-ൽ സംഘടനയുമായി ബന്ധം അരുതെന്ന് അന്നത്തെ ടോറി സർക്കാർ നിഷ്‌കർഷിച്ചത്. ബ്രിട്ടീഷ് സൈന്യത്തിനു നേരെ ആക്രമണം നടത്താൻ ആഹ്വാനം ചെയ്യുന്നു എന്ന രീതിയിൽ, എം സി ബി നേതാവിന്റെ പ്രസ്താവന വ്യാഖ്യാനിക്കപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്.

പിന്നീട് കഴിഞ്ഞവർഷം ഫെബ്രുവരിയിലായിരുന്നു മോർഡൗണ്ടിന്റെ ട്വീറ്റ് പ്രത്യക്ഷപ്പെടുന്നത്., മുസ്ലിം കൗൺസിൽ ഓഫ് ബ്രിട്ടന്റെ ആദ്യത്തെ വനിത സെക്രട്ടറി ജനറൽ സാറാ മൊഹമ്മദുമായി കണ്ടു മുട്ടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഒരുമിച്ച് പ്രവർത്തിക്കുവാനുള്ള അവസരങ്ങൾക്കായി കാത്തിരിക്കുകയാണെന്നുമായിരുന്നു ട്വീറ്റ്.ഇത് അന്നു തന്നെ മന്ത്രിസഭയുടെ ശ്രദ്ധയിൽ പെടുകയും അത് പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു എന്നാണ് മനസ്സിലാകുന്നത്. എന്നാൽ ഇന്നലെ വരെ ആ ട്വീറ്റ് അവിടെ തന്നെ ഉണ്ടായിരുന്നു.

എം സി ബി നേതാവിനെ കാണാൻ പോയതു തന്നെ സർക്കാർ നയത്തിന് എതിരായിട്ടാണ് ഇപ്പോൾ ആരോപിക്കപ്പെടുന്നത്. പെന്നിക്ക് സർക്കാർ തീരുമാനം അറിയാഞ്ഞിട്ട് സംഭവിച്ചതാണോ അതോ മനഃപൂർവ്വം അത് അവഗണിച്ചതാണോ എന്ന് വ്യക്തമാക്കണം എന്നാണ് ഇപ്പോൾ അവരുടെ എതിരാളികൾ ആവശ്യപ്പെടുന്നത്. ഇത്തരത്തിൽ ഉള്ള ഒരു വ്യക്തി പ്രധാന മന്ത്രി സ്ഥാനത്ത് എത്തിയാലുള്ള അവസ്ഥയെകുറിച്ച് പലരും ആശങ്കപ്പെടുന്നുമുണ്ട്.

അതേസമയം, ലിസ് ട്രസ്സ് കൂടുതൽ ശക്തയാകുന്നതായി ചില റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഇന്നലെ നടന്ന ഒരു ടി വി ഡിബേറ്റിൽ അവർ ആഞ്ഞടിച്ചത് ഋഷിയുടെ നികുതി നയങ്ങൾക്ക് എതിരെ ആയിരുന്നു. പ്രകടന പത്രികയിൽ നികുതി വർദ്ധനവ് ഉണ്ടാകില്ലെന്ന് ഉറപ്പ് കൊടുത്തിട്ടും അത് ലംഘിച്ച വ്യക്തിയാണ് ഋഷി സുനാക് എന്നായിരുന്നു അവർ ചൂണ്ടിക്കാട്ടിയത്. ഇന്നലെ പുറത്തുവന്ന ഒരു സർവേഫലവും അവർക്ക് അനുകൂലമായിരുന്നു. ഋഷിയേയും പെന്നിയേയും തോൽപിച്ച് അവർ പ്രധാനമന്ത്രിയാകുമെന്നായിരുന്നു സർവേ വെളിപ്പെടുത്തുന്നത്.

അതിനിടയിൽ ആരോപണ പ്രത്യാരോപണങ്ങൾ കൊഴുക്കുകയാണ് ഇന്നലെ പെന്നി മോർഡൗണ്ടിന്റെ ഇൻസ്റ്റാഗ്രാം പേജിൽ വന്നത് പുതിയൊരു ആരോപണമായിരുന്നു. ഋഷി സ്ഥാനമാനങ്ങൾ കിട്ടാൻ ബോസിനെ പുറകിൽ നിന്നും കുത്തി, എന്നാൽ ലിസ് ബോസിന്റെ കളിപ്പാവയാണ് എന്നായിരുന്നു ആ പോസ്റ്റ്.

ഇതിനിടയിലാണ് മുസ്ലിം സംഘടനയുമായുള്ള ബന്ധവും വിവാദമാകുന്നത്. ഏതായാലും ഇന്ന് മൂന്നാം റൗണ്ട് പൂർത്തിയാകുന്നതോടെ മത്സരത്തിലുള്ള സ്ഥാനാർത്ഥികളുടെ എണ്ണം നാലായി കുറയും. അതോടെ അടുത്ത റൗണ്ടിൽ കൂടുതൽ കടുത്ത മത്സരമായിരിക്കും നടക്കുക.