ന്യൂഡൽഹി: പത്താം ക്ലാസ് ഐസി എസ്ഇ പരീക്ഷയിൽ കേരളത്തിന് 100% വിജയം. ദേശീയതലത്തിൽ 99.97% ആണു വിജയം. 500ൽ 498 മാർക്ക് (99.6%) നേടിയ തിരുവനന്തപുരം മുക്കോല സെന്റ് തോമസ് റസിഡൻഷ്യൽ സ്‌കൂളിലെ എസ്.ജെ.ആതിര ദേശീയ തലത്തിൽ രണ്ടാമതും കേരളത്തിൽ ഒന്നാമതുമെത്തി.

499 മാർക്ക് വീതം നേടിയ ഹർഗുൻ കൗർ (പുണെ), അനിക ഗുപ്ത (കാൻപുർ), പുഷ്‌കർ ത്രിപാഠി (ബൽറാംപുർ, ഛത്തീസ്‌ഗഡ്), കനിഷ്‌ക മിത്തൽ (ലക്‌നൗ) എന്നിവർ ദേശീയതലത്തിൽ ഒന്നാമതെത്തി. 4 പേർ ഒന്നാം റാങ്ക് പങ്കിട്ടതിനാൽ 99.6% മാർക്കു നേടിയ ആതിര ഉൾപ്പെടെ 34 പേർക്ക് 5ാം റാങ്കാണ്.

ടാറ്റ എൽഎക്‌സി കമ്പനിയിൽ പ്രോഗ്രാം മാനേജരായ തിരുവനന്തപുരം പാങ്ങപ്പാറ സംഗീതാ നഗർ ഹീര ഗാർഡൻസിൽ എസ്.എൽ.ഷിലുവിന്റെയും ഇടുക്കി എൻജിനീയറിങ് കോളജ് അദ്ധ്യാപിക ഡോ. ആർ.ജീനയുടെയും മകളാണ് ആതിര. ഫിസിക്‌സിൽ ഗവേഷണമാണു ഭാവിലക്ഷ്യം.