ദോഹ: നമുക്ക് മുൻവിധികൾ ഒഴിവാക്കാം (Let's wipe out prejudice first) എന്ന പ്രമേയത്തിൽ യൂത്ത് ഫോറം ഖത്തർ നടത്തുന്ന ക്യാമ്പയിനോട് അനുബന്ധിച്ച് ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു. മൻസൂറയിലെ സിഐ.സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ യൂത്ത് ഫോറം പ്രസിഡന്റ് എസ്. എസ്. മുസ്തഫ സൗഹൃദ സന്ദേശം നൽകി. ദൈവത്തിന്റെ ഉറ്റതോഴനായിരിക്കുമ്പോഴും സമൂഹത്തിന്റെ നന്മക്കായി ജീവിതം സമർപ്പിച്ച ഇബ്രാഹിം നബിയുടെ ജീവിതം ഏവരും മാതൃകയാക്കണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. വ്യത്യസ്തങ്ങളായ ജീവിത പശ്ചാത്തലത്തിൽ നിന്നും സാമൂഹിക സാഹചര്യങ്ങളിൽ നിന്നും പ്രവാസ ലോകത്ത് എത്തിച്ചേരുന്ന യുവാക്കളിൽ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി കഴിഞ്ഞ പത്തു വർഷമായി യൂത്ത് ഫോറം ഖത്തറിൽ പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂത്ത് ഫോറം വൈസ് പ്രസിഡന്റ് അസ്ലം ഈരാറ്റുപേട്ട കാമ്പയിൻ പ്രമേയം അവതരിപ്പിച്ച് സംസാരിച്ചു. മനുഷ്യർക്കിടയിൽ വിദ്വേഷവും അകൽച്ചയും ഉണ്ടാക്കുന്ന സ്രോതസ്സുകളെ അകറ്റി നിർത്തുവാനും അപരവിദ്വേഷവും അകൽച്ചയുമുണ്ടാക്കുന്ന പ്രവണതകളെ പരാജയപ്പെടുത്തുവാനും യുവാക്കൾ കടന്ന് വരണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. മതങ്ങളും മതാഘോഷങ്ങളും പ്രസരിപ്പിക്കുന്ന സൗഹൃദ അന്തരീക്ഷം കാത്ത് സൂക്ഷിക്കേണ്ടത് എല്ലാവരുടെയും ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹരി തിരുവനന്തപുരം, രമിത്ത് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. യൂത്ത് ഫോറം ജനറൽ സെക്രട്ടറി അബ്സൽ അബ്ദുട്ടി സ്വാഗതവും കൺവീനർ നബീൽ കെ.സി സമാപന പ്രഭാഷണവും നിർവഹിച്ചു. സംഗമത്തിൽ എത്തിച്ചേർന്നവർക്ക് പ്രോഗ്രാം കോഡിനേറ്റർമാരായ ഹബീബ് റഹ്മാൻ, ആദിൽ ഒ.പി എന്നിവർ യൂത്ത് ഫോറം ഉപഹാരം വിതരണം ചെയ്തു.