- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോളിവുഡ്, ഗസൽ ഗായകൻ ഭൂപീന്ദർ സിങിന് സംഗീത ലോകത്തിന്റെ വിട; 82കാരനായ ഗായകന്റെ അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

മുംബൈ: അന്തരിച്ച ബോളിവുഡ്, ഗസൽ ഗായകൻ ഭൂപീന്ദർ സിങിന് സംഗീത ലോകത്തിന്റെ വിട. 82 വയസ്സായിരുന്നു. ഇന്നലെ രാത്രി 7.45നു ഹൃദയാഘാതം മൂലമായിരുന്നു മരണം. വൻകുടലിലെ അർബുദത്തിനു പുറമേ കോവിഡും ബാധിച്ചിരുന്നു.
ബംഗ്ലാദേശി വേരുകളുള്ള പ്രശസ്ത ഗായിക മിതാലി സിങ്ങാണു ഭാര്യ.മകൻ നിഹാൽ സിങ്ങും സംഗീതജ്ഞനാണ്. അമൃത്സറിൽ ജനിച്ച് ഭുപീന്ദർ സിങ് ആകാശവാണിയിലൂടെയാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ഡൽഹി ദൂരദർശൻ കേന്ദ്രവുമായും ഭുപിന്ദർ സിങ് സഹകരിച്ചു പ്രവർത്തിച്ചിരുന്നു. സംഗീത സംവിധായകൻ മദൻ മോഹൻ വഴിയാണ് ഭുപീന്ദർ സിങ് ഹിന്ദി സിനിമാ ലോകത്ത് എത്തുന്നത്. 1962ൽ ഒരു പാർട്ടിയിൽ ഭുപീന്ദർ സിങ് ഗിറ്റാർ വായിക്കുന്നത് കേൾക്കാനിടയായ മദൻ മോഹൻ അദ്ദേഹത്തെ മുംബൈക്ക് വിളിപ്പിച്ചു.
'ഹഖീഖത്ത്' എന്ന ചിത്രത്തിലെ 'ഹോകെ മജ്ബൂർ' എന്ന ഗാനം മുഹമ്മദ് റാഫി, തലത് മഹ്മൂദ്, മന്നാ ഡേ എന്നിവർക്കൊപ്പം പാടാൻ അവസം നൽകി. ഖയ്യാം 'ആഖ്രി ഖത്' എന്ന ചിത്രത്തിലെ 'രുത് ജവാൻ ജവാൻ' എന്ന സോളോ ഗാനം ഭുപീന്ദർ സിംഗിന് നൽകി. തുടർന്നങ്ങോട്ട് പടിപടിയായി ഭുപീന്ദർ സിങ് വളരുകയായിരുന്നു. 'നാം ഗും ജായേഗാ', 'ദിൽ ഡൂൺദ്താ ഹായ് ഫിർ വഹി', 'ഏക് അകേല ഈസ് ഷേഹർ മേം' തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ ഭുപീന്ദർ സിംഗിന്റേതായിട്ടുണ്ട്. ഭാര്യ മിതാലിക്കൊപ്പം ശ്രദ്ധേയമായ ഗസൽ ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

