- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റവാളികളെപ്പോലെ അടിവസ്ത്രം ഊരേണ്ടിവന്ന ആ കുട്ടികളുടെ മാനസികാവസ്ഥയെപ്പറ്റി നിങ്ങൾ ആലോചിച്ചുവോ? മറ്റൊരു വ്യക്തിയുടെ ആത്മാഭിമാനത്തിനു വിലയിടാനുള്ള അനുമതി ആരാണ് അവർക്കു കൊടുത്തത്? ഡോ.സൗമ്യാ സരിൻ എഴുതുന്നു
കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷാ കേന്ദ്രത്തിൽ ഇന്നലെയുണ്ടായ സംഭവത്തിനു തോന്ന്യാസം എന്നതിൽക്കുറഞ്ഞ ഒരു വിശേഷണവും നൽകാനാവില്ലെന്ന് ഡോ.സൗമ്യാ സരിൻ. കുറ്റവാളികളെപ്പോലെ അടിവസ്ത്രം ഊരേണ്ടിവന്ന ആ കുട്ടികളുടെ മാനസികാവസ്ഥയെപ്പറ്റി നിങ്ങൾ ആലോചിച്ചുവോ? മറ്റൊരു വ്യക്തിയുടെ ആത്മാഭിമാനത്തിനു വിലയിടാനുള്ള അനുമതി ആരാണ് അവർക്കു കൊടുത്തതെന്നും ഡോ.സൗമ്യ ചോദിക്കുന്നു.
കൊല്ലം ആയൂരിൽ നീറ്റ് പരീക്ഷയെഴുതാൻ വന്ന കുട്ടികളുടെ അടിവസ്ത്രം ഊരി പരിശോധിച്ചവരേ, നിങ്ങളുടെ ബുദ്ധിയെ എന്തുപേരിട്ട് വിളിക്കണം? കുറ്റവാളികളെപ്പോലെ അടിവസ്ത്രം അഴിച്ചുമാറ്റേണ്ടിവന്ന ആ കുട്ടികളുടെ മാനസികാവസ്ഥയെപ്പറ്റി നിങ്ങൾ ആലോചിച്ചുവോ?
കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷാ കേന്ദ്രത്തിൽ ഇന്നലെയുണ്ടായ സംഭവത്തിനു തോന്ന്യാസം എന്നതിൽക്കുറഞ്ഞ ഒരു വിശേഷണവും നൽകാനില്ല. ഞാനും ഈ എൻട്രൻസ് പരീക്ഷ എഴുതി ജയിച്ചു വന്നയാളാണ്; ആദ്യം എംബിബിഎസിനും പിന്നീടു പിജിക്കും. അന്ന് അതിനു നീറ്റ് എന്ന ഓമനപ്പേരുണ്ടായിരുന്നില്ല എന്നു മാത്രം. പക്ഷേ, കാര്യങ്ങൾ ഇതിലും നല്ല നീറ്റ് ആയാണു നടന്നിരുന്നത് എന്നു പറയാതിരിക്കാൻ വയ്യ.
എന്നു മുതലാണു പരീക്ഷയെഴുതാൻ വരുന്ന കുട്ടികളെ തീവ്രവാദികളെപ്പോലെ കണ്ടു പെരുമാറാൻ തുടങ്ങിയത് എന്നു മനസ്സിലാവുന്നില്ല. അതീവ സുരക്ഷാ മാനദണ്ഡങ്ങളുള്ള സ്ഥലങ്ങളിൽപോലും ആരുടെയും അടിവസ്ത്രം ഊരി പരിശോധന നടത്തുന്നുണ്ടോ എന്നു സംശയമാണ്.
പരീക്ഷാനടത്തിപ്പു മാനദണ്ഡങ്ങളിൽ എവിടെയും ഈ രീതി അവലംബിക്കണമെന്നു പറഞ്ഞതായി കണ്ടില്ല. വസ്ത്രത്തിനു നീളമുള്ള കൈ പാടില്ലെന്നും മുഖം വ്യക്തമായി കാണണമെന്നും പറഞ്ഞിരിക്കുന്നതു നമുക്കു മനസ്സിലാക്കാം. ഇനി അതിൽതന്നെ മതാചാരപ്രകാരം വ്യത്യസ്തമായി വസ്ത്രം ധരിക്കുന്നവരുണ്ടെങ്കിൽ അവർ വളരെ നേരത്തെ പരിശോധനയ്ക്കു ഹാജരാകണം എന്നും വ്യക്തമായി പറഞ്ഞിട്ടുണ്ട്. അവരെ വിശദമായി പരിശോധിക്കാൻ സമയമെടുക്കുന്നതു കൊണ്ടാണ് ഇതെന്നും അതിൽ എഴുതിയിരിക്കുന്നു. ഇവിടെയൊന്നും ഇത്തരത്തിൽ കുട്ടികളെ അപമാനിക്കുന്ന രീതിയിൽ പരിശോധന നടത്തണം എന്നെഴുതിക്കണ്ടില്ല. പിന്നെ എവിടെനിന്നാണ് ഈ പരീക്ഷാ കേന്ദ്രത്തിലെ നടത്തിപ്പുകാർക്ക് ഇങ്ങനെയൊരു ബുദ്ധി ഉദിച്ചതെന്നു മനസ്സിലാകുന്നില്ല. അവർ ഇതിന് ഉത്തരം പറഞ്ഞേ പറ്റൂ.
നിങ്ങൾ ഒരു തവണയെങ്കിലും ആ കുട്ടികളുടെ മാനസികാവസ്ഥയെപ്പറ്റി ആലോചിച്ചോ? മെഡിക്കൽ എൻട്രൻസ് പരീക്ഷയെഴുതാൻ കയറിയ സമയത്തെ എന്റെ ഹൃദയമിടിപ്പ് ഇന്ന് 20 വർഷത്തിനിപ്പുറവും എനിക്കു കേൾക്കാം. വലിയ മാനസിക സമ്മർദത്തിലായിരിക്കും ഓരോ കുട്ടിയും പരീക്ഷാകേന്ദ്രത്തിൽ എത്തുന്നത്. എത്ര ദിവസത്തെ അധ്വാനത്തിന്റെ ഫലമാണ് അടുത്ത കുറച്ചു മണിക്കൂറുകളിൽ നിർണയിക്കപ്പെടാൻ പോകുന്നത്...! അവരുടെ ഭാവിയാണത്. അതു ലഘൂകരിക്കാനുള്ള മാർഗങ്ങളല്ലേ സത്യത്തിൽ നമ്മൾ പരീക്ഷാകേന്ദ്രങ്ങളിൽ ഒരുക്കേണ്ടത്?
കൃത്യമായ പരിശോധനകൾവേണം. വേണ്ട എന്നാരും പറയുന്നില്ല. പക്ഷേ, അതിത്രത്തോളം ദ്രോഹിക്കുന്ന രീതിയിൽ വേണോ? ലോഹം കൊണ്ടുള്ള വസ്തുക്കൾ കണ്ടുപിടിക്കാനാണെങ്കിൽ എന്തെല്ലാം ആധുനിക സംവിധാനങ്ങളുണ്ട് ഈ നാട്ടിൽ. അല്ലാതെ, കുറ്റവാളികളെപ്പോലെ ഇത്തരത്തിൽ അടിവസ്ത്രം അഴിപ്പിക്കുമ്പോൾ ആ കുട്ടികൾ എന്തുതരം മാനസികാവസ്ഥയിലൂടെ ആയിരിക്കാം കടന്നുപോയിട്ടുണ്ടാവുക? ഇതൊട്ടും പ്രതീക്ഷിക്കാതെ വന്ന അവർക്ക് ഇതൊരു ഷോക്ക് ആയിട്ടുണ്ടാകും എന്നതിൽ സംശയമില്ല. ആ കുട്ടികൾക്കു നല്ല രീതിയിൽ ആ പരീക്ഷ എഴുതാൻ സാധിച്ചിട്ടുണ്ടാവുമോ? ഇല്ല എന്നുതന്നെയാണുത്തരം.
പരാതി കൊടുത്ത വിദ്യാർത്ഥിനിയോട് അവിടെയുള്ള നടത്തിപ്പുകാർ ചോദിച്ചത്രേ: സ്വന്തം ഭാവിയാണോ അതോ അടിവസ്ത്രമാണോ വലുതെന്ന്? എന്തൊരു ചോദ്യമാണത്... ആരാണ് അവർക്കു മറ്റൊരു വ്യക്തിയുടെ ആത്മാഭിമാനത്തിനു വിലയിടാനുള്ള അനുമതി കൊടുത്തത്?
അതിനെക്കാൾ കഷ്ടം...ഈ അടിവസ്ത്രങ്ങൾ എല്ലാം കൂട്ടിയിട്ടത് ഒരു മുറിയിലാണത്രേ...! അതും ഈ കോവിഡ്കാലത്ത്. എന്തൊരു കോവിഡ് പ്രതിരോധമാണിത്...! അവസാനമായി പറയാൻ ഇത്ര മാത്രം..! ഈ ചെയ്തത് ഒട്ടും 'നീറ്റ്' ആയില്ല..!