മലപ്പുറം: സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ നിന്നായി മണിചെയിൻ മാതൃകയിൽ നൂറു കോടി തട്ടിപ്പ് നടത്തിയെന്നു കണ്ടെത്തിയ കേസിൽ അറസ്റ്റിലായ മലപ്പുറം കാളികാവ് ഉദരംപൊയിൽ പാറമ്മൽ സ്വദേശി പാലക്കത്തോണ്ടി മുഹമ്മദ് ഫൈസലി (40)നെ കൂത്തുപറമ്പ് പൊലീസ് തെളിവെടുപ്പിനു കൊണ്ടുവന്നു. വിദേശത്തേക്കു കടക്കാനുള്ള ശ്രമത്തിനിടെ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് കഴിഞ്ഞ ദിവസം ഇയാളെ പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തത്. കോഴിക്കോട് ആസ്ഥാനമായി മൈക്ലബ് ട്രേഡേഴ്സ് എന്ന സ്ഥാപനം പ്രവർത്തിക്കുന്നുണ്ടെന്നു കാണിച്ചാണ് ഇയാൾ നിക്ഷേപം സ്വീകരിച്ചിരുന്നത്.

പ്രിൻസസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്ന പേരിൽ ബാങ്കോക്കിലും തായ്ലൻഡിലും സ്ഥാപനങ്ങളുണ്ടെന്നു ഇടപാടുകാരെ അറിയിച്ചിരുന്നു. ഒരു ലക്ഷം മുതൽ ഒന്നര കോടിയിലധികം തുക നിക്ഷേപിച്ചവരുണ്ട്. നേരത്തെ നിക്ഷേപകർക്കു ലാഭവിഹിതം നൽകിയിരുന്നെങ്കിലും പിന്നീട് കിട്ടാതായപ്പോഴാണ് പൊലീസിൽ പരാതി നൽകിയത്.

മുഹമ്മദ് ഫൈസലടക്കം കമ്പനിയുടെ ഡയറക്ടർമാരായ 12 പേർ കേസിൽ പ്രതികളാണെന്നു പൊലീസ് അറിയിച്ചു. ഫൈസൽ നിലവിൽ 12 കേസിൽ പ്രതിയാണ്. ഇതുകൂടാതെ കമ്പനിയുടെ പേരിൽ അഞ്ചു കേസുകളും നിലവിലുണ്ട്. ഈ കേസുകളിലും ഫൈസൽ പ്രതിയാകുമെന്നും ഇതോടെ 17 കേസിൽ പ്രതികളാകുമെന്നും പൊലീസ് അറിയിച്ചു. കമ്പനിക്കെതിരെ കൂടുതൽ പരാതികൾ വിവിധ ജില്ലകളിൽ നിന്നായി വന്നുകൊണ്ടിരിക്കുന്നുണ്ട്.

മട്ടന്നൂർ സ്വദേശി മുഹമ്മദലിയാണ് ഒന്നാംപ്രതി. കൂത്തുപറമ്പ് പൊലീസിൽ രജിസ്റ്റർ ചെയ്ത കേസിന്റെ തെളിവെടുപ്പിനാണ് പ്രതിയെ കൊണ്ടുവന്നത്. ഈ കേസിന്റെ അന്വേഷണ ചുമതല കൂത്തുപറമ്പ് പൊലീസ് ഇൻസ്പെക്ടർ ബിനു മോഹനാണ്. തൃശൂർ, ആലപ്പുഴ, കോഴിക്കോട്, വയനാട്, കാസറഗോഡ്, കണ്ണൂർ എന്നീ ജില്ലകളിലുള്ളവരും നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്