- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം; ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് പൂനൂർ റിവർ ഷോർ ആശുപത്രിയിൽ ബന്ധുക്കളുടെ പ്രതിഷേധം; ഡോക്ടറെ പിരിച്ചു വിടാൻ തീരുമാനിച്ചതായി ആശുപത്രി അധികൃതർ
കോഴിക്കോട്: പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവം മൂലം യുവതി മരിക്കാനിടയായ സംഭവം ഡോക്ടറുടെ പിഴവുമൂലമാണെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ പൂനൂർ റിവർ ഷോർ ആശുപത്രിയിൽ പ്രതിഷേധിച്ചു. ജൂലൈ ഒന്നിനാണ് പൂനൂർ പുതിയാമ്പ്രമ്മൽ ഷാഫിയുടെ ഭാര്യ ജഫ്‌ള ജാഫർ (20) പ്രസവത്തെ തുടർന്ന് അമിത രക്തസ്രാവം മൂലം മരണപ്പെടുന്നത്. പൂനൂർ റിവർ ഷോർ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലമാണ് ജഫ്‌ള മരിക്കാനിടയായതെന്ന് ബന്ധുക്കൾ അന്ന് തന്നെ ആരോപിച്ചിരുന്നു.
ചികിത്സ നടത്തിയ ഡോക്ടർക്കെതിരെ നടപടിയെടുക്കണമെന്നും ബന്ധുക്കൾ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും ഡോക്ടർക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. ചികിത്സാ രേഖകൾ കൈമാറാൻ ആശുപത്രി അധികൃതർ തയ്യാറായിട്ടില്ലെന്നും ജഫ്‌ളയുടെ പിതാവ് ജാഫർ പറഞ്ഞു. ഈ സാഹചര്യത്തിലാണ് ബന്ധുക്കൾ റിവർ ഷോർ ആശുപത്രിയിലേക്ക് പ്രതിഷേധവുമായി എത്തിയത്.
പ്രതിഷേധം ശക്തമായതോടെ ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ ആശുപത്രിയിൽ നിന്നും മാറ്റി. ഡോക്ടർക്കെതിരെയുള്ള പരാതിയിൽ ഉടൻ അന്വേഷണം പൂർത്തീകരിക്കുമെന്ന് പൊലീസ് ബന്ധുക്കളെ അറിയിച്ചു. ഡോക്ടറെ ആശുപത്രിയിൽ നിന്നും പിരിച്ചു വിടാൻ തീരുമാനിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.
ജൂൺ 30ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി രാത്രി ഒന്നരയോടെയായിരുന്നു പ്രസവിച്ചത്. പ്രസവത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവമുള്ള കാര്യം കൂട്ടിരിപ്പുകാരോട് പോലും ആശുപത്രി അധികൃതർ പറഞ്ഞിരുന്നില്ല. പിന്നീട് നാലര മണിക്കൂറിന് ശേഷം വിവരം അറിയിച്ചു.
എന്നാൽ ബന്ധുക്കൾ ആവശ്യപ്പെട്ട ആശുപത്രിയിലേക് റഫർ ചെയ്യാതെ ഡോക്ടറുടെ താത്പര്യപ്രകാരം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഓമശ്ശേരിയിൽ എത്തിയപ്പോഴേക്കും രക്തം ഏതാണ്ട് പൂർണമായും വാർന്നു പോയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഏതാനും നിമിഷത്തിനകം ജഫ്‌ള മരണപ്പെടുയും ചെയ്തു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.