തൊഴിലന്വേഷകർക്കും ജോലി മാറ്റത്തിന് ശ്രമിക്കുന്നവർക്കും ദിശാ ബോധവും ആത്മവിശ്വാസവും പകർന്ന് നൽകി കൾച്ചറൾ ഫോറം സംഘടിപ്പിച്ച വർക്ക്‌ഷോപ്പ്. തൊഴിലന്വേഷകരുടെ അടിസ്ഥാന ആവശ്യമായ ബയോഡാറ്റ ആകർഷണീയമാക്കുക എന്ന ലക്ഷ്യത്തോടെ 'ക്രിയേറ്റ് എ സക്‌സസ്ഫുൾ സി.വി' എന്ന തലക്കെട്ടിൽ നടന്ന പരിശീലന പരിപാടിക്ക് പ്രമുഖ ട്രെയിനർ സിറജുൽ ഹസൻ നേതൃത്വം നൽകി.

കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് ചന്ദ്രമോഹൻ പരിപാടി ഉദ്ഘാടനം ചെയ്തു. തൊഴിൽ തേടി ധാരാളം ആളുകളാണ് ഖത്തറിലേക്കെത്തിക്കൊണ്ടിരിക്കുന്നതെന്നും കഴിവും യോഗ്യതയും ഉള്ളവർ പോലും ആവശ്യമായ മുന്നൊരുക്കങ്ങളില്ലാത്തതിനാൽ നല്ല പദവികളിൽ എത്തിപ്പെടാതെ പോകുന്ന അവസ്ഥയുണ്ടെന്നും അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനും തൊഴിലന്വേഷകർക്ക് മാർഗ്ഗ നിർദ്ദേശം നൽകാനുമാണ് കൾച്ചറൽ ഫോറം ഇത്‌പോലുള്ള വർക്ക്‌ഷോപ്പുകൾ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൾച്ചറൽ ഫോറം മാനവ വിഭവശേഷി വകുപ്പ് അംഗങ്ങളായ ഹാരിസ് എഗരത്ത്, റമീസ് തിടിൽ, അലി കണ്ടാനത്ത് തുടങ്ങിയവർ സംസാരിച്ചു.