ചെന്നൈ: നടി നയൻതാരയുടെയും സംവിധായകൻ വിഘ്‌നേഷ് ശിവന്റെയും വിവാഹം സംപ്രേഷണം ചെയ്യുന്നതിൽ നിന്ന് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് പിന്മാറിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ഇരുവർക്കും നോട്ടീസ് അയച്ചെന്ന് സൂചന. വിവാഹത്തിന്റെ ചെലവെല്ലാം നെറ്റ്ഫ്‌ളിക്‌സാണ് വഹിച്ചത്. തങ്ങൾക്ക് തുക മടക്കി നൽകണമെന്നാവശ്യപ്പെട്ട് താരദമ്പതിമാർക്ക് നെറ്റ്ഫ്‌ളിക്‌സ് നോട്ടീസ് അയച്ചെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വിവാഹചിത്രങ്ങൾ വിഘ്‌നേഷ് ശിവൻ സാമൂഹിക മാധ്യമത്തിൽ പ്രസിദ്ധീകരിച്ചതുകൊണ്ടാണ് നെറ്റ്ഫ്‌ളിക്‌സ് കരാറിൽ നിന്ന് പിന്മാറിയതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വിവാഹത്തിന്റെ സംപ്രേഷണാവകാശം നെറ്റ്ഫ്‌ളിക്‌സിന് 25 കോടി രൂപയ്ക്ക് നൽകിയത്. ചിത്രങ്ങൾ പങ്കുവയ്ക്കാൻ താമസിക്കുന്നത് നയൻതാരയുടെ ആരാധകരെ അലോസരപ്പെടുത്തുമെന്ന നിലപാടിലാണ് വിഘ്‌നേഷ്. തുടർന്നാണ് അദ്ദേഹം ചിത്രങ്ങൾ പുറത്ത് വിട്ടതെന്നും റിപ്പോർട്ടുകൾ പറയുന്നു.

മഹാബലിപുരത്തെ ഒരു ആഡംബര റിസോർട്ടിലായിരുന്നു വിവാഹം. ഷാരൂഖ് ഖാൻ, കമൽ ഹാസൻ, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു. സംവിധായകൻ ഗൗതം വാസുദേവ മേനോനാണ് നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി വിവാഹം ഒരുക്കിയതെന്നും വാർത്തകൾ ഉണ്ടായിരുന്നു.

വിവാഹം കഴിഞ്ഞ് ഒരു മാസം തികഞ്ഞതിന് ശേഷമാണ് വിഘ്‌നേഷ് ശിവൻ അതിഥികൾക്കൊപ്പമുള്ള ഏതാനും ചിത്രങ്ങൾ പങ്കുവച്ചത്. രജനികാന്ത്, ഷാരൂഖ് ഖാൻ, സൂര്യ, ജ്യോതിക തുടങ്ങിയവർക്കൊപ്പമുള്ള ചിത്രങ്ങൾ വിഘ്‌നേഷ് പുറത്ത് വിട്ടിരുന്നു.