മനാമ: നിസ്സഹായരും അശരണരുമായ ഒട്ടനവധി മനുഷ്യർക്ക് ആശ്വാസം നൽകിയതിന്റെ പേരിൽ അവരുടെ പ്രാർത്ഥനകളിൽ ഓർമിക്കപ്പെടുന്ന മുഖമാണ് കെഎംസിസിയുടേതെന്ന് പ്രമുഖ വാഗ്മിയും മോട്ടിവേറ്ററുമായ പി.എം.എ ഗഫൂർ. മലയാളികൾ രൂപപ്പെടുത്തിയ ഏറ്റവും നല്ല ആശയങ്ങളിലൊന്നാണ് കെഎംസിസി. കോവിഡ് മഹാമാരിക്കാലത്ത് ആശങ്കപ്പെട്ടവർക്ക് അഭയമായി മാറി ആശ്വാസം ചൊരിഞ്ഞ പ്രസ്ഥാനമാണ് കെഎംസിസിയെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈൻ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാരവാഹികൾക്കും പ്രവർത്തകർക്കുമായി 'നിലപാട്' എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തർക്കങ്ങൾ ശത്രുതയുടെ ഇടങ്ങൾ വലുതാക്കി യോജിപ്പിന്റെ സാധ്യതകളെ ഇല്ലാതാക്കാൻ മാത്രമേ സഹായിക്കൂ. ആത്യന്തികമായി കാരുണ്യത്തിന് വാഹകരായി മാറുക എന്നത് തന്നെയാണ് സാമൂഹ്യ പ്രവർത്തകരുടെ കടമയെന്നും പി.എം.എ ഗഫൂർ പറഞ്ഞു.

പണ്ടത്തെ പ്രവാസത്തിൽനിന്നും ഇപ്പോൾ ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്. പണ്ട് പ്രവാസികളുടെ മുറികളിൽ ഭയങ്കര സന്തോഷമായിരുന്നു. എന്നാൽ ഇപ്പോൾ ഒരു മുറിയിൽ നാലുപേരുണ്ടെങ്കിലും അവർ ഒറ്റപ്പെട്ട ലോകത്താണ്. കേൾക്കാൻ ആളുണ്ടാവുകയെന്നത് നല്ലൊരു തെറാപ്പിയാണ്, ചികിത്സയാണ് അത് പ്രവാസികൾ മനസിലാക്കണം. അതുപോലെ തന്നെ, മനഷ്യൻ ആവശ്യങ്ങളും അത്യാർത്തികളും തിരിച്ചറിയണം. എല്ലാവർക്കും ആവശ്യങ്ങളും അത്യാർത്തികളമുണ്ടാകും. ഇത് തിരിച്ചറിയാതെ പോകുന്നതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.

മനാമ കെഎംസിസി ആസ്ഥാനത്ത് നടന്ന സംഗമം കെഎംസിസി ബഹ്റൈൻ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെകെസി മുനീർ അധ്യക്ഷനായി. പിഎംഎ ഗഫൂറിനെ വിഎച്ച് അബ്ദുല്ല ഷാൾ അണിയിച്ഛ് ആദരിച്ചു. കെഎംസിസി ബഹ്റൈൻ മുൻ പ്രസിഡന്റ് എസ് വി ജലീൽ, വൈസ് പ്രസിഡന്റ് ശംസുദ്ധീൻ വെള്ളിക്കുളങ്ങര എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ഓർഗനസിങ് സെക്രട്ടറി
കെപി മുസ്തഫ സ്വാഗതവും സെക്രട്ടറി റഫീഖ് തോട്ടക്കര നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ എപി ഫൈസൽ, കെയു ലത്തീഫ്, ഉസ്മാൻ ടിപ്‌ടോപ്, സലിം തളങ്കര , ഒകെ കാസിം, നിസാർ ഉസ്മാൻ, ഷെരീഫ് വില്യാപ്പള്ളി എന്നിവർ നേതൃത്വം നൽകി.സംഗമത്തിൽ വിവിധ ജില്ലാ ഏരിയ, മണ്ഡലം , പഞ്ചായത്ത് കമ്മിറ്റികളിൽനിന്നായി നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.