- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിദ്ദു മൂസവാല വധക്കേസ്: കൊലയാളി സംഘത്തിൽ ഉൾപ്പെട്ട കുപ്രസിദ്ധ ഗുണ്ട ജഗ്രുപ് സിങ് രൂപ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; മൂന്ന് പൊലീസുകാർക്ക് പരിക്ക്
അമൃത്സർ: പഞ്ചാബ് ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസവാലയുടെ കൊലപാതകത്തിൽ ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്ന കുപ്രസിദ്ധ ഗുണ്ട ജഗ്രുപ് സിങ് രൂപ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പഞ്ചാബ് പൊലീസിന്റെ ഗുണ്ടാവിരുദ്ധ ടാസ്‌ക് ഫോഴ്സ് ജഗ്രുപ് സിങ് രൂപയെയും മൻപ്രീത് സിങ്ങിനെയും (മന്നു കുസ്സ) പിടികൂടിയിരുന്നു.
അമൃത്സറിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഭക്ന ഗ്രാമത്തിൽ ഇന്ന് ഉച്ചയ്ക്കു ശേഷമാണ് ഏറ്റുമുട്ടലുണ്ടായത്. ഗുണ്ടാസംഘവുമായുള്ള ഏറ്റുമുട്ടലിനിടെ മൂന്ന് പൊലീസുകാർക്കും ഒരു വാർത്താ ചാനലിന്റെ ക്യാമറാമാനും പരുക്കേറ്റു.
എകെ 47 തോക്ക് ഉപയോഗിച്ച് സിദ്ദുവിനുനേരെ ആദ്യം വെടിയുതിർത്തത് മന്നു കുസ്സയാണെന്നാണ് നിഗമനം. സിദ്ദുവിനു നേരെ വെടിയുതിർത്ത മന്നു കുസ്സ, ജഗ്രൂപ് രൂപ, ദീപക് മുണ്ടി എന്നിവർ ഒളിവിലായിരുന്നു. ഇതിൽ ദീപക് മുണ്ടയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
സിദ്ദു മൂസവാല (ശുഭ്ദീപ് സിങ് സിദ്ദു-28) മെയ് 29ന് പഞ്ചാബിലെ മാൻസ ജില്ലയിലെ മൂസ ഗ്രാമത്തിന് സമീപമാണ് വെടിയേറ്റ് മരിച്ചത്. കാനഡ ആസ്ഥാനമായുള്ള ഗുണ്ടാതലവൻ ഗോൾഡി ബ്രാർ (സതീന്ദർജിത് സിങ്) ഫേസ്‌ബുക് പോസ്റ്റിലൂടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
തിഹാർ ജയിലിൽ കഴിഞ്ഞിരുന്ന ലോറൻസ് ബിഷ്ണോയി വഴിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കഴിഞ്ഞ വർഷം അകാലി നേതാവ് വിക്കി മിദ്ദുഃഖേരയെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായാണ് സിദ്ദുവിന്റെ കൊലപാതകമെന്നും വ്യക്തമാക്കി.
മൂസെവാലയുടെ കൊലപാതക കേസിൽ പഞ്ചാബ് സർക്കാർ നേരത്തെ ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പ്രമുഖരുടെ സുരക്ഷ കുറച്ചതിൽ ഹൈക്കോടതിയിൽ നിന്നും സർക്കാരിന് രൂക്ഷമായ വിമർശനവും കിട്ടിയിരുന്നു.. കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. മൂസെവാലയുടെ കുടുംബത്തെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സന്ദർശിച്ചിരുന്നു.




