- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാമലക്കണ്ടത്ത് ജനവാസ മേഖലയിൽ കാട്ടാന; പ്രദേശ വാസികൾ ഭീതിയിൽ
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം എളംബ്ലാശേരിയിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. ചിരട്ടോലി പാറയിൽ കുഞ്ഞിന്റെ വീട്ടുമുറ്റത്തും കോട്ടേപറമ്പിൽ രാജുവിന്റെ വീട്ടുമുറ്റത്തും വരെ ആനയെത്തി.
തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലർച്ചെയുമായി എത്തിയ കാട്ടാന സമീപത്ത് കാട്ടിൽ തമ്പടിച്ചിരിക്കുകയാണ്. ഇവ വീണ്ടും പുരയിടങ്ങളിലേക്ക് എത്തുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. കുഞ്ഞിന്റെ വീടിനുമുന്നിലെ തെങ്ങ് മറിച്ചിടാനുള്ള ശ്രമത്തിനിടയിൽ ആനയുടെ കാൽ മണ്ണിൽ ആഴ്ന്നിറങ്ങിയിരുന്നു.
വീട്ടുമുറ്റത്ത് ആനയുടെ കാൽപ്പാടുകൾ കാണാം. വന്യമൃഗങ്ങളെ പേടിച്ച് നാട്ടുകാർക്ക് വീടിനു പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. നിരവധി തവണ കാട്ടാനക്കൂട്ടം ജനവാസ മേഖലയിലെത്തി കാർഷിക വിളകൾക്കും വീടുകൾക്കും നാശം വരുത്തിയിട്ടുണ്ട്. നേര്യമംഗലം റെയ്ഞ്ച് ഓഫീസിനു കീഴിൽ വരുന്ന കുറത്തിക്കുടി വനമേഖലയിൽ നിന്നു മാണ് കാട്ടാനകൾ മാമലക്കണ്ടത്തേക്ക് എത്തുന്നത്.
വനാതിർത്തിയിൽ സ്ഥാപിച്ചിരുന്ന ഫെൻസിങ് തകർന്നതാണ് ജനവാസ മേഖലയിലേക്ക് എത്താൻ കാരണമാകുന്നത്. നിരവധി പ്രാവശ്യം പരാതികൾ പറഞ്ഞിട്ടും വന്യമൃഗ ശല്യം തടയാൻ വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാരൻ വി ഡി പ്രസാദ് പറയുന്നു.
മറുനാടന് മലയാളി ലേഖകന്.