പട്‌ന: വിവാഹമോചന കേസിൽ തനിക്കും കുടുംബത്തിനും എതിരെ അപകീർത്തി പ്രചരണം തുടർന്നാൽ ഭാര്യ ഐശ്വര്യ റായി വീട്ടിൽ നടത്തിയ അതിക്രമങ്ങളുടെ വിഡിയോകൾ പുറത്തുവിടുമെന്ന് ആർജെഡി നേതാവ് തേജ് പ്രതാപ് യാദവ്. വിവാഹമോചനത്തിനു നഷ്ടപരിഹാരമായി പത്തു കോടി രൂപ ഭാര്യ ആവശ്യപ്പെടുന്നതായും തേജ് പ്രതാപ് വെളിപ്പെടുത്തി.

ലാലു പ്രസാദ് യാദവിന്റെ കുടുംബത്തെയാകെ തകർക്കാനാണ് തന്റെ ഭാര്യയും അവരുടെ കുടുംബവും ശ്രമിക്കുന്നതെന്നു ലാലുവിന്റെ മൂത്ത മകനായ തേജ് പ്രതാപ് കുറ്റപ്പെടുത്തി. ഐശ്വര്യ റായി തന്റെ അമ്മയെ മർദിക്കുന്നതിന്റെയും സഹോദരങ്ങൾക്കു നേരെ അസഭ്യ വർഷം നടത്തുന്നതിന്റെയും വിഡിയോകൾ കൈവശമുണ്ടെന്നും ഇതു പുറത്തുവിടുമെന്നും തേജ് പ്രതാപിന്റെ ഭീഷണി.

വിവാഹമോചന കേസുമായി ബന്ധപ്പെട്ടു താൻ നാലു വർഷമായി മൗനം പാലിക്കുകയായിരുന്നു. അതേസമയം, തനിക്കും കുടുംബത്തിനുമെതിരെ ഭാര്യാവീട്ടുകാർ ദുഷ്പ്രചരണം നടത്തുകയായിരുന്നു. ഇനിയും പ്രതികരിക്കാതിരിക്കാൻ കഴിയില്ലെന്നും സത്യം ബിഹാറിലെ ജനങ്ങൾക്കു മുന്നിൽ തുറന്നു കാട്ടുമെന്നും തേജ് പ്രതാപ് യാദവ് പറഞ്ഞു.