- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദക്ഷിണാഫ്രിക്കൻ ലീഗിലേക്ക് ഐപിഎൽ ടീം ഉടമകൾ; ട്വന്റി 20 ലീഗിലെ മുഴുവൻ ഫ്രാഞ്ചൈസികളെയും സ്വന്തമാക്കി; ലേല നടപടികളിൽ പങ്കെടുത്തത് 29 കമ്പനികൾ; ഇന്ത്യൻ ആരാധകർ ആകാംക്ഷയിൽ

ജൊഹാനസ്ബർഗ്: അടുത്ത വർഷം ജനുവരിയിൽ ആരംഭിക്കാനിരിക്കുന്ന പ്രഥമ ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗിലെ മുഴുവൻ ടീമുകളെയും ഐപിഎല്ലിലെ ടീം ഉടമകൾ സ്വന്തമാക്കി.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ആർപിഎസ്ജി സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ്, സൺ ടിവി നെറ്റ്‌വർക്ക് ലിമിറ്റഡ്, ചെന്നൈ സൂപ്പർ കിങ്സ് ക്രിക്കറ്റ് ലിമിറ്റഡ്, റോയൽസ് സ്പോർസ് ഗ്രൂപ്പ്, ജെഎസ്ഡബ്ല്യു സ്പോർട്സ് എന്നീ കമ്പനികളാണ് ദക്ഷിണാഫ്രിക്കൻ ലീഗിലെ ആകെയുള്ള ആറ് ടീമുകളേയും സ്വന്തമാക്കിയത്.
ഡെലോയിറ്റ് കോർപ്പറേറ്റ് ഫിനാൻസ് എന്ന സ്ഥാപനം നിയന്ത്രിച്ച ലേല നടപടികളിൽ ലോകമെമ്പാടുമുള്ള 29 കമ്പനികളാണ് ലീഗിലെ ഒരു ഫ്രാഞ്ചൈസി സ്വന്തമാക്കാൻ താത്പര്യം പ്രകടിപ്പിച്ച് രംഗത്ത് വന്നത്. ഇവർക്ക് 10 വേദികളിൽ ഇഷ്ടമുള്ളത് ഫ്രാഞ്ചൈസിക്കായി തിരഞ്ഞെടുക്കാനുമുള്ള സൗകര്യമുണ്ടായിരുന്നു.
കേപ് ടൗണിലെ ന്യൂലാൻഡ്സ് ഹോം ഗ്രൗണ്ടായ ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയത് റിലയൻസാണ്. ഡർബനിലെ കിങ്സ്മീഡ് ഹോം ഗ്രൗണ്ടായ ഫ്രാഞ്ചൈസിയെ ആർപിഎസ്ജി സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് വാങ്ങി. സൺ ടിവി നെറ്റ്‌വർക്ക് വാങ്ങിയ ഫ്രാഞ്ചൈസിയുടെ ഹോം ഗ്രൗണ്ട് ജെബറയിലെ സെന്റ് ജോർജ്സ് പാർക്കാണ്.
ജൊഹാനസ്ബർഗിലെ വാണ്ടറേഴ്സ് ആസ്ഥാനമായ ഫ്രാഞ്ചൈസിയെ ചെന്നൈ സൂപ്പർ കിങ്സാണ് സ്വന്തമാക്കിയത്. റോയൽസ് സ്പോർസ് ഗ്രൂപ്പ് സ്വന്തമാക്കിയ ഫ്രാഞ്ചൈസിയുടെ ഹോംഗ്രൗണ്ട് പാളിലെ ബോളണ്ട് പാർക്കാണ്. പ്രെറ്റോറിയയിലെ സൂപ്പർ സ്പോർട്സ് പാർക്ക് ഹോം ഗ്രൗണ്ടായ ഫ്രാഞ്ചൈസിയെ ജെഎസ്ഡബ്ല്യു സ്പോർട്സും സ്വന്തമാക്കി.
2023 ജനുവരിയിൽ ദക്ഷിണാഫ്രിക്കൻ ലീഗ് ആരംഭിക്കും എന്നാണ് വിവരം. റൗണ്ട് റോബിൻ അടിസ്ഥാനത്തിൽ മുന്നിൽ എത്തുന്ന ടീമുകൾ പ്ലേ ഓഫിലേക്ക് മുന്നേറും. ഐപിഎൽ ഫ്രാഞ്ചൈസി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സ് എന്ന പേരിൽ കരീബിയൻ പ്രീമിയർ ലീഗിൽ നിലവിൽ ടീമുണ്ട്.


