സൂപ്പർ സ്റ്റാറിന്റെ മകനും സിനിമാ നടനും ആണെങ്കിലും സിനിമയേക്കാളേറെ യാത്രകളും സാഹസികതകളും ഇഷ്ടപ്പെടുന്ന താരമാണ് പ്രണവ് മോഹൻലാൽ. സെലിബ്രിറ്റി ഇമേജിൽ ഒതുങ്ങാതെ സാധാരണത്വം നിറഞ്ഞ ജീവിതം നയിക്കുന്നയാളാണ് പ്രണവ്. പർവ്വതങ്ങളിൽ കയറുന്നതും വ്യത്യസ്ത സ്ഥലങ്ങളിൽ സഞ്ചരിച്ച് ഒരു സാധാരണക്കാരനായി നടന്ന് കാഴ്ചകൾ ആസ്വദിക്കുന്നതുമെല്ലാം ്പ്രണവിന് ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ പ്രണവിന്റ മറ്റൊരു സാഹസിക വീഡിയോയാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്.

കുത്തനെ നിൽക്കുന്ന ഒരു പാറക്കെട്ടിന് മുകളിലേക്ക് യാതൊരു വിധ ഉപകരണങ്ങളുമില്ലാതെ ചവിട്ടികയറുന്ന പ്രണവിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ചാര നിറത്തിലുള്ള പാന്റും ചുവപ്പും പച്ചയും ഇടകലർന്ന ടീ ഷർട്ടും ധരിച്ച് ഷൂസ് ഉപയോഗിച്ചാണ് പ്രണവ് കുത്തനെയുള്ള പാറ കീഴടക്കുന്നത്. പ്രണവിന്റ അസാമാന്യ ചങ്കുറപ്പിനെയും മനകരുത്തിനെയും അഭിനന്ദിച്ച് നിരവധി ആരാധകരാണ് പ്രതികരണം അറിയിച്ചിട്ടുള്ളത്. 'അയാൾ അയാളുടെ ഇഷ്ടത്തിന് ലൈഫ് എൻജോയ് ചെയ്യുന്നു, ചെക്കൻ വേറെ ട്രാക്കാണ്, ഈ മനുഷ്യൻ എന്തൊരു അത്ഭുതമാണ്'- എന്നിങ്ങനെയാണ് വീഡിയോക്ക് ലഭിക്കുന്ന പ്രതികരണം. പ്രണവ് തന്നെയാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ തന്റ യാത്രാ വീഡിയോ പങ്കുവെച്ചത്.

അടുത്തിടെ തായ്ലാൻഡിലെ ടോൺസായി മലയിടുക്കിൽ പിടിച്ചു കയറുന്ന വീഡിയോ പ്രണവ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. 2017ൽ നടത്തിയ യാത്രക്കിടെ പകർത്തിയ ദൃശ്യങ്ങളാണ് പങ്കുവെച്ചത്.