തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചതിന് യൂത്ത് കോൺഗ്രസുകാരെ തള്ളി വിമാനത്തിന്റെ സീറ്റുകൾക്കിടയിലിട്ട് ഇടിച്ച് പഞ്ചറാക്കിയ ഇടതു മുന്നണി കൺവീനർ ഇ.പി.ജയരാജനെ പൊലീസ് രക്ഷിക്കും. വധശ്രമക്കുറ്റവും ഗൂഢാലോചനക്കുറ്റവും ചുമത്തിയെടുത്ത കേസ് നിലനിൽക്കുന്നതല്ലെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനാണ് അസി.കമ്മിഷണർ ഡി.കെ. പൃഥിരാജ് ഉടൻ കോടതിയിൽ റിപ്പോർട്ട് നൽകും. അതിനുമുൻപ് പരാതിക്കാരായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഫർസീൻ മജീദ്, ആർ.കെ. നവീൻ കുമാർ എന്നിവരുടെയും വിമാനത്തിലുണ്ടായിരുന്ന പരമാവധി യാത്രക്കാരുടെയും ജീവനക്കാരുടെയും മൊഴിയെടുക്കും. യൂത്ത് കോൺഗ്രസുകാർക്ക് മൊഴിയെടുക്കാൻ ഹാജരാകാൻ ഉടൻ നോട്ടീസ് നൽകും. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ, പി.എ സുധീഷ് പി. എം എന്നിവർക്കെതിരെയും കേസുണ്ട്. ഇതും പിൻവലിക്കാൻ അപേക്ഷിക്കും.

മുഖ്യമന്ത്രിയെ ആക്രമിക്കാനെത്തിയവരെ സദുദ്ദേശത്തോടെ തടയുകയാണ് ഇ.പി.ജയരാജൻ ചെയ്തത്. സിവിൽഏവിയേഷൻ ചട്ടത്തിലെ സെക്ഷൻ-10 പ്രകാരം ഇങ്ങനെ ചെയ്തവർക്കെതിരേ യാതൊരുവിധ നിയമനടപടിയും നിലനിൽക്കില്ല. പൊലീസ് ചൂണ്ടിക്കാട്ടുന്ന ചട്ടം ഇതാണ്:- Section 10: Protection of action taken in good faith - (1) No suit, prosecution or other legal proceeding shall lie against any person for anything which is in good faith done or intended to be done in pursuance of the provisions of this Act.

പരാതിക്കാർ വിമാനത്തിൽ ആക്രമിക്കപ്പെട്ടതായി, മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ അറസ്റ്റ് ചെയ്തപ്പോഴോ കോടതിയിൽ ഹാജരാക്കിയപ്പോഴോ പറഞ്ഞിട്ടില്ല. കോടതി മുമ്പാകെയും തങ്ങളെ ആരെങ്കിലും അക്രമിച്ചതായി യാതൊരുവിധ പരാതിയും പറഞ്ഞിട്ടില്ല. ഗൗരവമേറിയ കുറ്റകൃത്യത്തിൽ കേസിലെ തുടർനടപടികളിൽ നിന്നും ഒഴിവാക്കപ്പെടുന്നതിനും, കുറ്റകൃത്യത്തിന്റെ ഗൗരവം ലഘൂകരിക്കുന്നതിനും വേണ്ടി പ്രതികൾ ദിവസങ്ങൾക്കുശേഷം തങ്ങളെ ആക്രമിച്ചുവെന്ന് ഒരു പരാതി നൽകുകയാണുണ്ടായത്. പരാതി സംബന്ധിച്ച് അന്വേഷണം നടത്തിയിയപ്പോൾ വസ്തുതകൾക്ക് വിരുദ്ധമായ കാര്യങ്ങളാണ് പരാതിയിലുള്ളതെന്നും കേസ് നിലനിൽക്കില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടും.

മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചത് തടയുന്നതിനിടെ, മുഖ്യമന്ത്രിയുടെ അംഗരക്ഷകനായ എസ്.അനിൽകുമാർ, പേഴ്‌സണൽ അസിസ്റ്റന്റ് വി എം.സുനീഷ് എന്നിവർക്ക് പരിക്കേറ്റതിന്റെ മെഡിക്കൽ രേഖകളുണ്ട്. പരാതിക്കാർ ആർ.സി.സിയിലുള്ള രോഗിയെ സന്ദർശിക്കാനെത്തിയെന്നാണ് പരാതിയിലുള്ളത്. എന്നാൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ തീരുമാനമെടുത്താണ് വിമാനത്തിൽ കയറിയതെന്ന് മൊഴികളുണ്ട്. ഇ.പി.ജയരാജനും ഗൺമാനും മറ്റും അവസരോചിതമായി യൂത്ത്‌കോൺഗ്രസുകാരെ തടഞ്ഞതിനാലാണ് മുഖ്യമന്ത്രിക്കു നേരേ മറ്റ് അനിഷ്ടസംഭവങ്ങളുണ്ടാകാതിരുന്നത്.

വളരെ ആസൂത്രിതമായാണ് ഇത്തരമൊരു സംഭവം വിമാനത്തിൽ വെച്ച് നടത്തുവാൻ യൂത്ത് കോൺഗ്രസ് നേതാക്കൾ പദ്ധതിയിട്ടത്. മുൻ എംഎ‍ൽഎ അടക്കം അറസ്റ്റിലായിട്ടുണ്ട്. യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പ് ഉപയോഗിച്ചാണ് അക്രമപരിപാടികൾ ആസൂത്രണം ചെയ്തത്. ഒരാൾക്ക് 13,000 രൂപയോളം ചാർജ്ജു വരുന്ന ടിക്കറ്റ് മൂന്നു പേർക്കുവേണ്ടി സ്പോൺസറെ നിശ്ചയിച്ച് സംഘടിപ്പിക്കുകയും ചെയ്തു. വിമാനത്തിൽ ആക്രമിച്ചാൽ, എത്ര സുരക്ഷയുള്ള ആളായാലും വിമാനജീവനക്കാർക്ക് പ്രതിരോധിക്കാൻ സംവിധാനമില്ലെന്ന് കണ്ട് മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചുകൊണ്ടുള്ള ഗൂഢാലോചനയാണ് നടന്നത്. മുഖ്യമന്ത്രിയെ വിമാനത്തിൽ നിന്ന് പുറത്തിറക്കാൻ കഴിയാത്ത സാഹചര്യമുണ്ടാക്കുക എന്ന പദ്ധതിയാണ് മുൻ എംഎ‍ൽഎ അടക്കമുള്ള യൂത്ത്‌കോൺഗ്രസ് നേതാക്കൾ ആസൂത്രണം ചെയ്തത്- പൊലീസിന്റെ മറുപടി ഇങ്ങനെയാവും.

ജയരാജന്റെയും മുഖ്യമന്ത്രിയുടെ ഗൺമാന്റെയും പി.എയുടേയും ആക്രമണത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, ആർ. കെ. നവീൻ കുമാർ എന്നിവരുടെ പരാതിയിലാണ് കേസെടുക്കാൻ കോടതി ഉത്തരവിട്ടത്. പ്രതികൾക്കെതിരെ കുറ്റകരമായ ഗൂഢാലോചന, കൊലപാതക ശ്രമം, കുറ്റകരമായ നരഹത്യാ ശ്രമം, വധഭീഷണി മുഴക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. മുഖ്യമന്ത്‌റിയെ നോക്കി പ്രതിഷേധം, പ്രതിഷേധം, യൂത്ത് കോൺഗ്രസ് സിന്ദാബാദ് എന്ന് മാത്രമാണ് തങ്ങൾ പറഞ്ഞതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇത് കേട്ടയുടൻ ഇ.പി ജയരാജൻ പാഞ്ഞടുത്ത് തങ്ങളെ മർദ്ദിച്ചെന്നും ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമിച്ചെന്നും മുഖ്യമന്ത്‌റിക്കെതിരെ പ്രതിഷേധിച്ചിട്ട് നീയൊക്കെ ജീവനോടെ പോകാമെന്ന് കരുതിയോ എന്ന് പറഞ്ഞെന്നുമാണ് ഹർജിയിലുള്ളത്. പരാതിപ്പെട്ടിട്ടും കേസെടുത്തിട്ടില്ലെന്ന് തെളിയിക്കുന്ന രേഖകളും ഹർജിക്കാർ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.