ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും ഒരുമിച്ച് ജീവിതം തുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുന്നു. എന്നാൽ ഇരുവർക്കുമെതിരെ വൻ തോതിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്. ഇതൊന്നും കാര്യമാക്കാതെ ഇരുവരും തങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുകയാണ്. ഇപ്പോഴിതാ സ്വകാര്യ ജീവിതത്തെക്കുറിച്ച് സമൂഹമാധ്യമ പേജിൽ അനാവശ്യ കമന്റുമായി എത്തിയ ആൾക്കു മറുപടിയുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദർ.

ജീവിതപങ്കാളിയും ഗായികയുമായ അമൃത സുരേഷിനൊപ്പം പഴനിയിൽ നിൽക്കുന്ന ചിത്രം പങ്കുവച്ചതിനു പിന്നാലെയായിരുന്നു ഒരാളുടെ പ്രതികരണം. സ്വന്തം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു മറ്റൊരാളുടെ കൂടെ പോയ ആൾക്ക് നാളെ പെരുവഴി തന്നെയാണ് ശരണം എന്നായിരുന്നു കമന്റ്. 'അപ്പോൾ ആ വഴിയിൽ കാണാം' എന്നാണ് മറുപടിയായി ഗോപി സുന്ദർ കുറിച്ചത്. പ്രതികരണം ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി പേർ ഗോപി സുന്ദറിനെ പിന്തുണച്ചു രംഗത്തെത്തി.

അമൃതയ്‌ക്കൊപ്പം പുഷ്പഹാരം അണിഞ്ഞു നിൽക്കുന്ന ചിത്രമാണ് ഗോപി സുന്ദർ പങ്കുവച്ചത്. ചിത്രം പുറത്തുവന്നതോടെ ഇരുവരും വിവാഹിതരായി എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അത് വിവാഹചിത്രമല്ലെന്നും തങ്ങൾ പഴനിയിൽ പോയപ്പോൾ എടുത്ത ചിത്രമാണെന്നും ഗോപി സുന്ദർ വെളിപ്പെടുത്തി. ഈ വർഷം മേയിൽ ആണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്.