- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിലെ ആരോഗ്യ മേഖലയിലെ തൊഴിൽ ക്ഷാമം പരിഹരിക്കാൻ വിദഗ്ദ്ധർ ഇന്ത്യയിലേക്കെത്തുന്നു; നഴ്സിംഗും ഫിസിയോതെറാപ്പിയും ഡയറ്റിംഗും അടക്കമുള്ള മേഖലകളിൽ ഇനി ബ്രിട്ടൻ പരിശീലനംനൽകും; ഇന്ത്യയിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ബ്രിട്ടൻ പരിശീലിപ്പിച്ചെടുക്കും
ആരോഗ്യ മേഖലയിൽ കൂടുതൽ വിപുലമായി സഹകരണം ഉറപ്പാക്കുന്ന ഒരു കരാറിൽ ഇന്നലെ ഇന്ത്യയും ബ്രിട്ടനും ഒപ്പുവച്ചു. ആരോഗ്യ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലപ്പെടുത്തുന്ന ഈ കരാർ അനുസരിച്ച്, ശേഷി വളർത്തൽ, ആശയങ്ങൾ, വൈദഗ്ദ്ധ്യം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ പരസ്പരം സഹകരിക്കും. ഇതനുസരിച്ച് ആരോഗ്യ മേഖലയിലെ വിവിധ തൊഴിലുകളിൽ യോഗ്യത നേടിയവരെകൂടുതൽ പ്രാവീണ്യം നേടാനായി പരിശീലിപ്പിക്കുക എന്നത് ഒരു സുപ്രധാന വ്യവസ്ഥയാണ്.
ഇതനുസരിച്ച്, ഈ കരാർ പ്രാബല്യത്തിൽ വന്ന് 12 മാസങ്ങൾക്കുള്ളിൽ ഇരു രാജ്യങ്ങളിലേയും നഴ്സിങ് റെഗുലേറ്ററി അഥോറിറ്റികൾ തമ്മിൽ ചർച്ച ചെയ്ത് യോഗ്യതകൾക്ക് അംഗീകാരം നൽകുക, ലൈസൻസിങ്, റെജിസ്ട്രേഷൻ പ്രക്രിയകൾ എന്നീ കാര്യങ്ങളിൽ ഒരു പൊതു ധാരണയിലെത്തും. മാത്രമല്ല, കുടിയേറുന്ന രാജ്യത്തെ ആവശ്യതകളിൽ എന്തെങ്കിലും വിധത്തിലുള്ള അപര്യപ്തകൾ ജോലി തേടുന്നവർക്കുണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനുള്ള നടപടികളും കൈക്കൊള്ളും.
അതോടൊപ്പം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ, സംസ്ഥാന സർക്കാരുകളുടെ അംഗീകാരത്തോടെ കൂടുതൽ മെച്ചപ്പെട്ട നഴ്സിങ് പരിശീലനത്തിനും ബ്രിട്ടൻ സഹായിക്കും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പുമായി സഹകരിച്ചായിരിക്കും ഇത്തരം പരിശീലന പരിപാടികൾ നടപ്പിലാക്കുക. യു കെയിലും നോർത്തേൺ അയർലൻഡിലും ഇപ്പോൾ നിലവിലുള്ള നിലവാരത്തിനനുസരിച്ചുള്ള പരിശീലനമായിരിക്കും നൽകുക. ഇതിൽ, ബ്രിട്ടനിൽ ജോലി ചെയ്യാൻ അത്യാവശ്യമായ ഇംഗ്ലീഷ് ഭാഷാ നൈപുണ്യവും ഉൾപ്പെടുത്തും.
നഴ്സിങ് രംഗത്തോടൊപ്പം ഒക്കുപേഷണൽ തെറാപ്പി, ഡയറ്റീഷ്യൻ, റേഡിയോഗ്രാഫി, ഓപ്പറേറ്റിങ് ഡിപ്പാർട്ട്മെന്റ് പ്രാക്ടീഷണേഴ്സ്, തുടങ്ങിയ വിഭാഗങ്ങളിലും സമാനമായ പദ്ധതികൾ നടപ്പിലാക്കും. ബ്രിട്ടനിലെ ആരോഗ്യ മേഖല അഭിമുഖീകരിക്കുന്ന രൂക്ഷമായ ജീവനക്കാരുടെ ക്ഷാമം ഇതുവഴി കുറെയൊക്കെ പരിഹരിക്കാനാവുമെന്ന് ബ്രിട്ടൻ പ്രതീക്ഷിക്കുമ്പോൾ, ഈ കരാർ കേരളമുൾപ്പടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള നഴ്സുമാർക്കും നഴ്സിങ് വിദ്യാർത്ഥികൾക്കും മുൻപിൽ അവസരങ്ങളുടെ പുതിയ വാതിലുകൾ തുറക്കുകയും ചെയ്യും.
മറുനാടന് മലയാളി ബ്യൂറോ