തിരുവനന്തപുരം: ഇ.പി.ജയരാജനെതിരായ വധശ്രമക്കേസിൽ പരാതിക്കാരായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പൊലീസ് നോട്ടീയച്ചു. ഫർസിൻ മജീദ്, നവീൻ കുമാർ എന്നിവർക്കാണ് നോട്ടീസയച്ചത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മൊഴി രേഖപ്പെടുത്താൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.

വിമാനത്തിൽ വച്ച് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ കയ്യേറ്റം ചെയ്തതിനാണ് ഇ.പി.ജയരാജനെതിരെ വലിയതുറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് കേസെടുത്തത്.

മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായ അനിൽകുമാർ, പിഎ സുനീഷ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. മനഃപൂർവമല്ലാത്ത നരഹത്യ, വധശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.