- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖംമൂടി ധരിച്ചെത്തി വീട്ടമ്മയെ തലക്കടിച്ചു വീഴ്‌ത്തി ആഭരണങ്ങൾ കവരാൻ ശ്രമം; വീടുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അയൽക്കാരനായ യുവാവ് പിടിയിൽ; പ്രതിയെ പിടികൂടിയത് ശാസ്ത്രീയ മാർഗ്ഗങ്ങൾ പ്രയോജനപ്പെടുത്തിയുള്ള അന്വേഷണത്തിൽ
കോതമംഗലം: മുഖംമൂടി ധരിച്ചെത്തി വീട്ടമ്മയെ തലക്കടിച്ചു വീഴ്‌ത്തി ആഭരണങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച അയൽക്കാരനായ യുവാവ് പിടിയിൽ. പരേതനായ ചിറപ്പുറത്ത് മുഹമ്മദിന്റെ ഭാര്യ മീര മുഹമ്മദിനെ(68) ആക്രമിച്ച് കീഴ്പ്പെടുത്തി അണിഞ്ഞിരുന്ന സ്വർണ്ണാഭരണങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ അയൽക്കാരൻ മട്ടാഞ്ചേരി ചിറപ്പുറം കണ്ടത്തിൽ വീട്ടിൽ അഫ്സൽ (33)നെയാണ് പോത്താനിക്കാട് പൊലീസ് അറസ്റ്റു ചെയ്തത്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30 തോടെയാണ് മീര മുഹമ്മദിന് നേരെ ആക്രമണം ഉണ്ടായത്.കാതിലെ കമ്മൽ വലിച്ചുപറിച്ചെടുത്ത ശേഷം മാലപൊട്ടിച്ചെടുക്കാനുള്ള ശ്രമം വീട്ടമ്മയുടെ ചെറുത്തുനിൽപ്പിനെ തുടർന്ന് വിഫലമാകുകയും അക്രമി ഓടി രക്ഷപെടുകയുമായിരുന്നു.വീട്ടിൽ മറ്റാരുമില്ലാത്ത സമയത്തായിരുന്നു ആക്രമണം.മകൻ ഷാനവാസ് എ ആർ ക്യാമ്പിൽ ഡ്രൈവറും ഭാര്യ സഹകരണ സംഘം ജീവനക്കാരിയുമാണ്.മക്കളെ സ്‌കൂളിൽ വിട്ട ശേഷം ഇവർ ഇരുവരും ജോലിക്കുപോയിരുന്നു.
വീടിനുള്ളിൽ നിൽക്കുകയായിരുന്ന ഇവരുടെ മുഖം കറുത്ത തുണികൊണ്ട് മൂടിയ ശേഷം ആഭരണങ്ങൾ കൈക്കലാക്കുന്നതിനായിരുന്നു മോഷ്ടാവിന്റെ നീക്കം.ഒരു നിമിഷം പകച്ചെങ്കിലും ധൈര്യം വീണ്ടെടുത്ത് മീര മോഷ്ടാവിനെ പിടിച്ചുവയ്ക്കാൻ ശ്രമിച്ചു.
പിടുത്തം കിട്ടിയത് മുഖം മൂടിയിലായിരുന്നു. ഇതിനിയിൽ അക്രമി ഇവരുടെ കാതിലെ കമ്മൽ വലിച്ചുപറിച്ചെടുത്തു. കാത് കീറി ,ശക്തമായ വേദനയുണ്ടായെങ്കിലും സാമാന്യം ഭേദപ്പെട്ട ആരോഗ്യസ്ഥിതിയുണ്ടായിരുന്ന മീര അക്രമിയെ കീഴ്‌പ്പെടുത്തുന്നതിനുള്ള ശ്രമം തുടർന്നു.
മുഖം മൂടി വലിച്ചുപറിച്ചതോടെ കൈയിലിരുന്ന ആയുധം കൊണ്ട് പിന്നിൽ നിന്നും മീരയുടെ തലക്കടിച്ചശേഷം അക്രമി ഓടിമറിഞ്ഞു. തിരിഞ്ഞുനോക്കിയപ്പോൾ ഓടി മറയുന്ന അക്രമിയുടെ പിന്നിൽ നിന്നുള്ള ദൃശ്യം മീര കണ്ടിരുന്നു.
അക്രമിയുടെ വേഷം കറുത്തപാന്റും കറുത്ത ഷർട്ടുമായിരുന്നെന്ന് തന്റെ നിലവിളികേട്ട് ഓടിക്കൂടിയവരെയും പൊലീസിനെയും മീര അറിയിച്ചിരുന്നു.ഈ സമയം ആൾക്കുട്ടത്തിൽ കറുത്ത പാന്റും ഷർട്ടും ധരിച്ച് അഫ്സലും ഉണ്ടായിരുന്നു.സംശയം തോന്നി നാട്ടുകാരിൽ ചിലർ വിവരം പൊലീസിൽ അറിയിക്കുകയും പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കാൻ തയ്യാറായില്ല.തുടർന്ന് പൊലീസ് ശാസ്ത്രീയ മാർഗ്ഗങ്ങൾ പ്രയോജനപ്പെടുത്തി നടത്തിയ അന്വേഷണമാണ് ഇയാൾ കുടുങ്ങാൻ കാരണമായത്. ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.
തന്നെ അടിച്ചുവീഴ്‌ത്തി ,കാത്് വലിച്ചുപറിച്ച് കമ്മലെടുത്തത് മകനെപ്പോലെ കരുതി സ്നേഹിച്ചിരുന്ന അഫ്സൽ ആണെന്ന് തിരിച്ചറിവ് മീര ഇബ്രാഹീമിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.
ഇവരുടെ വീടിന്റെ തൊട്ടടുത്താണ് കഴിഞ്ഞ രണ്ടുവർഷമായി അഫ്സലും കുടുംബവും താമസിച്ചിരുന്നത്. ഭാര്യ പിണങ്ങി ,കുഞ്ഞുമായി വീട്ടിൽ പോയിരുന്നതിനാൽ അഫ്സലും മാതാപിതാക്കളും മാത്രമായിരുന്നു വീട്ടിൽ താമസിച്ച് വന്നിരുന്നത്.അടിവാട് ഭാഗത്ത് മീൻവിൽപ്പനയായിരുന്നു അഫസലിന്റെ തൊഴിൽ.
മീരയുടെ വീടുമായി അടുത്ത ബന്ധമാണ് അഫ്സലിന് ഉണ്ടായിരുന്നതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.ഇതാണ് ആരും വീട്ടിലില്ലാത്ത സമയം നോക്കി ഇയാൾ കവർച്ചക്ക് എത്താൻ സഹായകമായതെന്നാണ് പൊലീസ് അനുമാനം. കണക്കൂകൂട്ടൽ തെറ്റിച്ചുള്ള മീരയുടെ ചെറുത്ത് നിൽപ്പാണ്് അഫസലിന്റെ കർമ്മപദ്ധതി പാതിവഴിയിൽ പൊളിയാൻ പ്രധാനകാരണം.
മുഖം മൂടി വലിച്ചുപറിച്ചതോടെ തിരിച്ചറിയുമെന്ന ഭീതിയിൽ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും ചെന്ന് പെട്ടത് മീരയുടെ കരച്ചിൽകേട്ടെത്തിയ ആൾക്കൂട്ടത്തിന് നടുവിലായതും അഫ്സലിന് വിനയായി. നാട്ടുകാർ നൽകിയ സൂചനയിലാണ് അഫസലിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്.
പൊലീസ് നായ എത്തിയപ്പോൾ കാണിച്ച പരിഭ്രമവും 'ആ തുണിയിലൊക്കെ ഞാൻ തൊട്ടിട്ടുണ്ടാവും' എന്ന വെളിപ്പെടുത്തലുമാണ്് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ കുറ്റവാളി അഫ്സലാണെന്ന് സംശയത്തിന് ബലം കൂട്ടിയതെന്ന് പൊലീസ് പറയുന്നു.
മീര ഇബ്രാഹിം ഉപയോഗിച്ചിരുന്ന ഹിജാബ് പ്രയോജനപ്പെടുത്തിയാണ് അഫ്സൽ ഇവരുടെ മുഖം മറച്ചത്.ഇതുകൂടാതെ ഇയാൾ കറുത്തതുണി കൊണ്ട് മുഖം മറച്ചിരുന്നു.കറുത്ത മാസ്‌കാണ് ധരിച്ചിരുന്നത്.ഹിജാവും ഇയാൾ മുഖം മൂടിയിരുന്ന കറുത്ത തുണിയും സംഭവസ്ഥലത്തുനിന്നും പൊലീസ് കണ്ടെടുത്തിരുന്നു.
വീട്ടിൽ പരിശോധിച്ചതിൽ അഫ്സൽ ധരിച്ചിരുന്ന അതെ കമ്പനിയുടെ നിരവധി കറുത്ത മാസ്‌കുകൾ കണ്ടെത്തി.ഇവ മൂന്നും മറ്റ് വസ്ത്രങ്ങൾക്കൊപ്പം വിവിധ സ്ഥലങ്ങളിൽ ഇടുകയും പൊലീസ് നായ ഇത് കൃത്യമായി കണ്ടെത്തി,കടിച്ചെടുത്ത് ഒപ്പമുണ്ടായിരുന്നവരെ ഏൽപ്പിക്കുകയായിരുന്നു.
അഫ്സലിനെ സംഭവസ്ഥലത്ത് എത്തിച്ച ശേഷമാണ് പൊലീസ് നായയെ ഇവിടേക്ക് കൊണ്ടുവന്നത്.ആദ്യം അഫ്സലിന്റെ അടുത്തേക്കാണ് നായയെ കൊണ്ടുപോയത്.ഇയാളുടെ ഗന്ധം പിടിച്ച ശേഷമാണ് നായ ഓരോ തവണയും തൊണ്ടി സാധനങ്ങൾ കണ്ടെടുത്തത്.നാട്ടുകാർ നോക്കി നിൽക്കെയാണ് പൊലീസ് തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്.തൊണ്ടി മുതലുകൾ ഓരോന്നായി നായ കടിച്ചെടുത്തുകൊണ്ടുവരുമ്പോൾ നാട്ടുകാർ പൊലീസിന് കൈയടിയും നൽകുന്നുണ്ടായിരുന്നു.
ആലുവ റൂറൽ എസ് പി വിവേക് കുമാറിന്റെ നിർദ്ദേശാനുസരണം മൂവാറ്റുപുഴ ഡിവൈഎസ് പി മുഹമ്മദ് റിയാസ് ,പോത്താനിക്കാട് സി ഐ ജിയോ മാത്യു, എസ് ഐ മാരായ കെ സി ഡാന്റി,പി ശശി, എ എസ് ഐ മുഹമ്മദ്, നിജു ഭാസ്‌കർ,ഷാൽവി,സിപിഒ അജീഷ് കുട്ടപ്പൻ എന്നിവരാണ് അന്വേഷണത്തിൽ പങ്കെടുത്തത്.
മറുനാടന് മലയാളി ബ്യൂറോ