തിരുവനന്തപുരം. രണ്ടു ദിവസം മുൻപാണ് ആലപ്പുഴ നോർത്ത എസ് ഐ മനോജ് നടത്തിയ വാഹന പരിശോധനയ്ക്കിടെ ജയിൽ ഡിഐ ജി എംകെ വിനോദകുമാറിന്റെ ഭാര്യ മാസ്ട്രോ വാഹനത്തിൽ എത്തിയത്. പൊലീസ് ഓൺ ലൈനിൽ വാഹന രേഖകൾ പരിശോധിച്ചപ്പോൾ തന്നെ ടൂവീലറിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലായെന്ന് മനസിലായി. വാഹനത്തിന്റെ രേഖകൾ ആവിശ്യപ്പെട്ട എസ് ഐ യോടു ഡി ഐ ജി യുടെ ഭാര്യ പറഞ്ഞത് അത്യാവിശ്യമായി ആംബുലൻസ് വിളിക്കാൻ പോകുകയാണെന്നും തന്നെ പോകാൻ അനുവദിക്കണമെന്നുമാണ്.

എന്നാൽ ഫോണിൽ വിളിച്ചാൽ വരുന്ന 108 ആംബുലൻസ് ഉള്ളപ്പോൾ ഏത് ആംബുലൻസ് വിലിക്കാൻ ഇവർ പോകുന്നതെന്ന സ്വാഭാവിക സംശയം പൊലീസുകാർ ഉന്നയിച്ചുവെങ്കിലും അവരോടു ചോദിച്ചില്ല. അവരെ പോകാൻ അനുവദിച്ച പൊലീസ് വഹനത്തിന്റെ രേഖകൾ അടുത്ത ദിവസം സ്റ്റേഷനിൽ ഹാജരാക്കാൻ അറിയിച്ചു. അപ്പോഴാണ് ജയിൽ ഹെഡ് ക്വാർട്ടഴ്സ് ഡി ഐ ജി എംകെ വിനോദ് കുമാറിന്റെ ഭാര്യയാണ് താൻ എന്ന കാര്യ അവർ വെളിപ്പെടുത്തുന്നത്. എന്നിട്ട് ഭർത്താവായ വിനോദ് കുമാറിനെ ഫോണിൽ വിളിച്ച് എസ് ഐ യ്ക്ക് കൊടുക്കാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹം വാങ്ങിയില്ല. ഇതോടെ എസ്‌ഐ അഹങ്കാരിയാണെന്നും ഫോൺ വാങ്ങുന്നില്ലന്നും അവൻ പ്രശ്നക്കരാനാണന്നുമൊക്കെ അവർ ഫോണിലൂടെ ഡിഐ ജിയെ അറിയിച്ചു. ഇതിനിടെ മാഡത്തിന്റെ പേര് ഹസീന അല്ലേയെന്ന് ചോദിച്ചതോടെ എടാ യൂണിഫോമിന്റെ അഹങ്കാരം കാണിക്കരുതെന്ന് പറഞ്ഞ് ചൂടായതായി എസ് ഐ പറയുന്നു.

സംഭവം സംബന്ധിച്ച എസ് ഐ ആലപ്പുഴ നോർത്ത് സി ഐ യ്ക്ക് റിപ്പോർട്ട് നല്കി. അതേ സമയം തന്റെ ഭാര്യയോട് വാഹന പരിശോധനയുടെ പേരിൽ മോശമായി പെരുമാറിയ എസ്ഐക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ നിയമ നടപടിയിലേക്ക് പോകുമെന്ന് ജയിൽ ഹെഡ് ക്വാർട്ടേഴ്സ് ഡിഐജി എം.കെ.വിനോദ് കുമാർ പറഞ്ഞു. പരാതി നൽകിയതിനു പിന്നാലെ ഇക്കാര്യം ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തുന്ന സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പിക്ക് നോർത്ത് സ്റ്റേഷനിലെ എസ്ഐ മനോജ് മൊഴി നൽകി. സ്പെഷൽ ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ് പറഞ്ഞു.

എന്നാൽ യുവതിയോടു മോശമായി പെരുമാറിയിട്ടില്ലന്നും അത്യാവശ്യമായി ആംബലുൻസ് വിളിക്കാൻ പോകുകയാണെന്നു പറഞ്ഞപ്പോൾ പൊയ്ക്കൊള്ളാനും രേഖകൾ സ്റ്റേഷനിൽ ഹാജരാക്കിയാൽ മതിയെന്നുമാണ് പറഞ്ഞതെന്ന് എസ് ഐ വ്യക്തമാക്കി. . അതിനുള്ള അധികാരം തനിക്കുണ്ടോ എന്ന് അവർ ചോദിച്ചു. ഉണ്ടെന്ന് മറുപടി നൽകി. അവർ ജയിൽ ഡിഐജിയുടെ ഭാര്യയാണെന്നു പറയുകയും ഫോണിൽ ആരെയോ വിളിച്ച് ഇവൻ അഹങ്കാരിയാണെന്നു പറയുകയും എന്റെ പേരുവിവരങ്ങൾ കൈമാറുകയും ചെയ്തു.

ഫോൺ എനിക്കു നേരെ നീട്ടി. കോവിഡ് സമയമായതിനാൽ മറ്റൊരാളുടെ ഫോണിൽ സംസാരിക്കേണ്ട കാര്യമില്ലെന്ന് മറുപടി നൽകി''- എസ്ഐ പറയുന്നു. എന്നാൽ, ഇത്തരത്തിൽ ഒരു സ്ത്രീ പൊലീസിനോടു തട്ടിക്കയറുമോ എന്നാണ് ഡിഐജി ചോദിക്കുന്നത്. സുഖമില്ലാതെ കിടക്കുന്നയാൾക്ക് മരുന്നു വാങ്ങാൻ പോയ സ്ത്രീയെയാണ് ഏറെ നേരം എസ്ഐ തടഞ്ഞു നിർത്തിയത്. ഈ എസ്ഐയെപ്പറ്റി വേറെയും പരാതികളുണ്ട്. ജനങ്ങളോട് മര്യാദയോടെ പെരുമാറേണ്ട ഉദ്യോഗസ്ഥർ പൊലീസെന്ന അധികാരത്തിൽ ഇത്തരത്തിൽ പെരുമാറിയാലുള്ള ഫലം ബന്ധപ്പെട്ടവർ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജയിൽ ഡി ഐ ജി യുടെ പരാതി ഇങ്ങനെ

തന്റെ കുടുംബം താമസിക്കുന്ന കോമളപുരം റോഡ് മുക്കിലെ വീട്ടിൽനിന്ന് ഭാര്യ ഹസീന ഡിഐജിയുടെ രോഗബാധിതയായ മാതാവിന് മരുന്നു വാങ്ങാൻ പോയപ്പോൾ ഗുരുപുരം ജംക്ഷനു സമീപത്തു വച്ച് എസ്ഐ വാഹനം തടഞ്ഞു നിർത്തി രേഖകൾ ആവശ്യപ്പെട്ടു. അപ്പോൾ വാഹനത്തിൽ രേഖകൾ ഇല്ലായിരുന്നു. ഭർത്താവ് ജയിൽ ഡിഐജിയാണെന്നും അദ്ദേഹം വന്നിട്ട് രേഖകൾ സ്റ്റേഷനിൽ ഹാജരാക്കാമെന്നും ഹസീന പറഞ്ഞത് എസ്ഐ ചെവിക്കൊണ്ടില്ല. ഹസീന തന്നെ നേരിട്ട് രേഖകൾ ഹാജരാക്കണമെന്നു പറഞ്ഞ് തട്ടിക്കയറി.

പൊതുജനങ്ങളുടെ മുന്നിൽ വച്ച് സ്ത്രീയെന്ന പരിഗണന പോലും നൽകാതെ മോശമായി പെരുമാറി. ഭർത്താവിന് സംസാരിക്കാൻ ഫോൺ നൽകാമെന്നു പറഞ്ഞപ്പോൾ തനിക്ക് ആരോടും സംസാരിക്കാനില്ലെന്നു ധിക്കാരത്തോടെ പറഞ്ഞു. നിങ്ങൾക്കെതിരെ കേസെടുത്തുകൊള്ളാമെന്നു ഭീഷണിപ്പെടുത്തി. ഇത്തരം ഉദ്യോഗസ്ഥർ ആരോടും ബഹുമാനമില്ലാതെ പെരുമാറുന്നത് വകുപ്പിനും സർക്കാരിനും അപമാനകരമാണ്. ഉദ്യോഗസ്ഥനെതിരെ മാതൃകാപരമായ നടപടിയെടുക്കണം.