സിയോനി: വഴിയോരക്കച്ചവടം നടത്തുന്ന ബാലനുമായി വിലപേശൽ നടത്തിയ കേന്ദ്രമന്ത്രിയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വിമർശനം ഉയരുന്നു. ചോളം വിൽപ്പന നടത്തുന്ന ബാലനുമായി കേന്ദ്രമന്ത്രി തന്നെ വില പേശൽ നടത്തുന്നതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഗ്രാമവികസന വകുപ്പ് - സഹമന്ത്രി ഫഗ്ഗൻ സിങ് കുലസ്‌തെയാണ് വഴിയിൽ കച്ചവടം നടത്തുന്ന ബാലനോട് ചോളത്തിന്റെ വിലയെ ചൊല്ലി തർക്കിക്കുന്നത്.

മദ്ധ്യപ്രദേശിലെ സിയോനിയിൽ നിന്നും മാണ്ഡ്‌ലയിലേക്കുള്ള യാത്രാമദ്ധ്യേ, ഒരു ഗ്രാമപ്രദേശത്ത് വഴിയരികിൽ ചോളം വിൽക്കുന്ന കടയിലാണ് മന്ത്രി കാറിൽ വന്നിറങ്ങുന്നത്. ശേഷം ചോളത്തിന് ഓർഡർ നൽകുന്നു. ഇത് എങ്ങനെ തയ്യാറാക്കണം എന്നെല്ലാം വിശദമായി ബാലനോട് പറയുന്നുണ്ട്.

തുടർന്ന് ചോളത്തിന്റെ വില പറയുമ്പോള് മന്ത്രി വിലപേശൽ നടത്തുകയായിരുന്നു. മൂന്ന് ചോളത്തിന് 45 രൂപയാണ് ബാലൻ പറഞ്ഞത്. അതായത് ഒരു ചോളത്തിന് 15 രൂപ. ഇത് വളരെ കൂടുതലായ വിലയാണെന്ന് പറഞ്ഞാണ് മന്ത്രി പിന്നീട് ബാലനോട് വിലപേശൽ നടത്തുന്നത്. ഇവിടങ്ങളിൽ ചോളം വെറുതെ കിട്ടുമെന്ന് വരെ മന്ത്രി പറയുന്നുണ്ട്.

എന്നാൽ ഇതുതന്നെയാണ് ചോളത്തിന്റെ വിലയെന്നും കാറിൽ വന്നിറങ്ങിയതുകൊണ്ട് വില കൂട്ടി പറഞ്ഞതല്ല എന്നും ചെറുചിരിയോടെ ബാലൻ മറുപടിയായി പറയുന്നുണ്ട്. ഒടുവിൽ ബാലൻ പറഞ്ഞ അതേ വിലയ്ക്കാണ് മന്ത്രി ചോളം വാങ്ങിക്കുന്നത്.

ഇതിന്റെ വീഡിയോ മന്ത്രി തന്നെയാണ് പിന്നീട് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഗ്രാമങ്ങളിൽ ഇത്തരത്തിൽ വഴിയോരക്കച്ചവടം നടത്തുന്ന കർഷകരെയും കച്ചവടക്കാരെയുമെല്ലാം സാധനങ്ങൾ വാങ്ങി പിന്തുണയ്ക്കണമെന്നും, ഇതിലൂടെ മായമില്ലാത്ത ഭക്ഷണം നമുക്ക് ലഭിക്കുമെന്നും പറഞ്ഞുകൊണ്ടായിരുന്നു മന്ത്രി വീഡിയോ പങ്കുവച്ചത്.

വഴിയരികിൽ കച്ചവടം ചെയ്യുന്ന ബാലനുമായി വിലപേശൽ നടത്തിയതിന് മന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ബിജെപി മന്ത്രിയായ കുലസ്‌തെയുടെ രീതി ശരിയായില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. കേന്ദ്രസർക്കാർ ജിഎസ്ടി ഉയർത്തിയ സാഹചര്യത്തിൽ അവശ്യസാധനങ്ങളുടെ അടക്കം വില ഉയർന്നതും കൂട്ടത്തിൽ ചർച്ചയാകുന്നുണ്ട്.

ബ്രാൻഡഡ് ഉത്പന്നങ്ങൾ വിൽക്കുന്ന കടകളിലോ മറ്റ് സ്ഥാപനങ്ങളിലോ പോയി വിലപേശൽ നടത്താത്തവരാണ് മിക്കവാറും അന്നന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്ന വഴിയോരക്കച്ചവടക്കാരുമായി വിലപേശൽ നടത്തുന്നതെന്ന വിമർശനമാണ് ഉയരുന്നത്.