- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'പതിനെട്ടുകാരിയായ പെൺകുട്ടി; ഒരു കോളജ് വിദ്യാർത്ഥിനി; ബാർ നടത്തുകയല്ല; അവളെ വ്യക്തിഹത്യ നടത്തുന്നു; നിങ്ങളെ കോടതിയിൽ കണ്ടോളാം'; അമേഠിയിൽ നിന്ന് രാഹുലിനെ വീണ്ടും തോൽപ്പിക്കും; കോൺഗ്രസിന് എതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി; വീണ്ടും സ്മൃതി ഇറാനിയുടെ ഉഗ്രശപഥം
ന്യൂഡൽഹി: ഗോവയിൽ മരിച്ചയാളുടെ പേരിൽ മകൾ ബാർ ലൈസൻസ് നേടിയെന്ന ആരോപണം ഉന്നയിച്ച കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി തന്റെ മകൾ ആദ്യവർഷ കോളജ് വിദ്യാർത്ഥിനിയാണ്, അല്ലാതെ ബാർ നടത്തുകയല്ല. സോണിയയും രാഹുൽ ഗാന്ധിയും ചേർന്ന് 5000 കോടി രൂപ കൊള്ളയടിച്ചതിനെക്കുറിച്ച് അമ്മ വാർത്താസമ്മേളനം നടത്തിയതാണ് തന്റെ മകൾ ചെയ്ത തെറ്റ്. കൂടാതെ 2014ലും 2019ലും ലോക്‌സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുകയും ചെയ്തു.
ധൈര്യമുണ്ടെങ്കിൽ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ അമേഠിയിലേക്ക് മത്സരിക്കാൻ വരൂ എന്നാണ് രാഹുൽ ഗാന്ധിയെ സ്മൃതി ഇറാനി വെല്ലുവിളിച്ചത്. ഉറപ്പായും രാഹുൽ തോൽക്കുമെന്നും മന്ത്രി പറഞ്ഞു. തന്റെ മകൾക്ക് എതിരെ അധിക്ഷേപ പ്രചാരണം നടത്തുന്നവർക്ക് എതിരെ കോടതിയെ സമീപിക്കുമെന്ന് സ്മൃതി ഇറാനി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജീവിച്ചിരിപ്പില്ലാത്ത ആളുടെ പേരിൽ ഗോവയിൽ ബാർ ലൈസൻസ് സ്വന്തമാക്കിയെന്നായിരുന്നു സ്മൃതി ഇറാനിയുടെ മകൾക്കെതിരെ ആരോപണം ഉയർന്നത്. മരിച്ചയാളുടെ പേരിൽ റസ്റ്ററന്റിന് ബാർ ലൈസൻസ് സ്വന്തമാക്കിയെന്ന് കാണിച്ച് സ്മൃതിയുടെ മകൾ സോയിഷ് ഇറാനിക്ക് നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ നോട്ടീസ് അയച്ച ഉദ്യോഗസ്ഥനെതിരെ പ്രതികാര നടപടി ആരംഭിച്ചെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.
തന്റെ മകളെ വ്യക്തിഹത്യ നടത്താൻ ശ്രമിച്ചവർക്ക് എതിരെ കോടതിയെ സമീപിക്കുമെന്നും ഇവരെ ജനങ്ങളുടെ കോടതിക്ക് മുന്നിൽ തുറന്നുകാണിക്കുമെന്നും സ്മൃതി പറഞ്ഞു. 'ഞാൻ നിങ്ങളെ കോടതിയിൽ കണ്ടുകൊള്ളാം. മകൾക്ക് എതിരെ പത്രസമ്മേളനം നടത്താൻ പവൻ ഖേരയെ നിയോഗിച്ച രാഹുൽ ഗാന്ധിയെ 2024ൽ അമേഠിയിൽ നിന്ന് വീണ്ടും തോൽപ്പിക്കും. ഒരു അമ്മയായും ബിജെപി പ്രവർത്തകയായും തരുന്ന വാക്കാണ് ഇത്.' സ്മൃതി ഇറാനി പറഞ്ഞു.
'പതിനെട്ടുകാരിയായ പെൺകുട്ടി. ഒരു കോളജ് വിദ്യാർത്ഥിനി. അവളെ കോൺഗ്രസ് പാർട്ടി ഓഫീസിൽ വെച്ച് വ്യക്തിഹത്യ നടത്തിയിരിക്കുകയാണ്. രണ്ടുതവണ രാഹുൽ ഗാന്ധിക്ക് എതിരെ അവളുടെ അമ്മ അമേഠിയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചു എന്നാണ് അവൾ ചെയ്ത തെറ്റ്'- സ്മൃതി ഇറാനി പറഞ്ഞു.
കാരണം കാണിക്കൽ നോട്ടീസിൽ തന്റെ മകളുടെ പേര് എവിടെയാണെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കണമെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ ഖജനാവിൽ നിന്ന് 5,000 കോടി കവർന്നതിൽ പത്രസമ്മേളനം നടത്തി സോണിയ ഗാന്ധിയെ ചോദ്യം ചെയ്തതിന് കോൺഗ്രസ് തന്നോട് പക തീർക്കുകയാണ് എന്നും സ്മൃതി ആരോപിച്ചു.
സ്മൃതി ഇറാനിയുടെ മകൾ സോയിഷ് ഇറാനിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച ഉദ്യോഗസ്ഥനെ വേട്ടയാടുകയാണെന്നും സ്ഥലം മാറ്റത്തിനുള്ള ഒരുക്കങ്ങൾ നടക്കുകയാണെന്നും കോൺഗ്രസ് വക്താവ് പവൻ ഖേരയാണ് ആരോപിച്ചത്.
'സ്മൃതിയെ പിന്തുണയ്ക്കുന്നവരുടെ കുട്ടികൾ ലുലുമാൾ ഹനുമാൻ ചാലിസനമാസ് വിഷയത്തിൽ മുഴുകിയിരിക്കുമ്പോൾ മന്ത്രിയുടെ കുട്ടികൾ ഇന്ത്യയ്ക്ക് പുറത്തു പഠിക്കുകയാണ്, ഇത് നല്ലതാണ്. സ്മൃതി ഇറാനിയുടെ പിൻബലത്തിൽ മക്കൾ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ്' പവൻ ഖേര വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സ്മൃതിയുടെ കുടുംബം നടത്തുന്ന അനധികൃത പ്രവർത്തനങ്ങളിൽ ഒന്ന് മാത്രമാണ് മരിച്ചയാളുടെ പേരിലുള്ള ബാർ ലൈസൻസ് എന്നും അദ്ദേഹം ആരോപിച്ചു. ഗോവയിലെ മറ്റു റസ്റ്റ്റന്റുകൾക്ക് ഒന്നും ലഭിക്കാത്ത രണ്ട് ബാർ ലൈസൻസ് ഈ റസ്റ്ററന്റിനുണ്ട്. ഇതൊന്നും സ്മൃതി ഇറാനി അറിയാതെയാണോ നടക്കുന്നത് എന്ന് ഖേര ചോദിച്ചു.
നോട്ടീസ് അയച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റാനുള്ള നീക്കം ആരംഭിച്ചതായി അറിഞ്ഞു. ഇത് മന്ത്രിയുടെ ഇടപെടൽ ഇല്ലാതെയാണോ നടക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.മാധ്യമങ്ങളെ തടയാനായി ബാറിന് ചുറ്റും തണ്ടർബോൾട്ട് സംഘത്തെ നിയമിച്ചിരിക്കുയാണെന്നും കോൺഗ്രസ് വക്താവ് ആരോപിച്ചു.
വടക്കൻ ഗോവയിൽ സില്ലി സോൾസ് കഫേ ആൻഡ് ബാർ നടത്തുന്നത് സ്മൃതി ഇറാനിയുടെ മകൾ ആണെന്നും 2021 മെയ് 17ന് മരണപ്പെട്ടയാളുടെ പേരിലാണ് കഴിഞ്ഞ മാസം ലൈസൻസ് പുതുക്കി നൽകിയതെന്നുമായിരുന്നു ആരോപണം.
അതേസമയം, സ്മൃതി ഇറാനിയുടെ മകൾ ഗോവയിൽ സില്ലി സോൾസ് എന്ന പേരിൽ ഒരു റെസ്റ്ററെന്റ് നടത്തുന്നില്ലെന്നാണ് അവരുടെ അഭിഭാഷകന്റെ പ്രതികരണം. ആരോപണത്തിൽ പറയുന്നത് പോലെ നോട്ടീസ് ഒന്നും തന്നെ ഇതുവരെ തന്റെ കക്ഷിക്ക് ലഭിച്ചിട്ടില്ലെന്നും അഭിഭാഷകനായ കിരത്ത് നഗ്ര പറഞ്ഞു.




