ജനീവ: കുരങ്ങു പനിയെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. രോഗം കൂടുതൽ രാജ്യങ്ങളിലേക്കു ബാധിച്ച സാഹചര്യത്തിലാണ് നടപടി. ലോകാരോഗ്യ സംഘടന അടിയന്തരയോഗം ചേർന്നാണ് തീരുമാനമെടുത്തത്. മങ്കിപോക്‌സ് അടിയന്തര ആഗോള പൊതുജന ആരോഗ്യ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

രോഗ വ്യാപനം ആഗോള തലത്തിൽ വെല്ലുവിളി ഉയർത്തുന്നവെന്ന് ലോകാരോഗ്യസംഘടനാ തലവൻ ഡോ. ടെഡ്രോസ് ഗബ്രിയേസൂസ് അഥനോം പറഞ്ഞു. രോഗം കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ലോകാരോഗ്യസംഘടനയുടെ പ്രത്യേകസമിതി യോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നു. മേയിൽ രോഗവ്യാപനം സ്ഥിരീകരിച്ചശേഷം ഇത് രണ്ടാംതവണയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ലോകാരോഗ്യസംഘടന പരിഗണിച്ചത്.

72 രാജ്യങ്ങളിലാണ് ഇതുവരെ കുരങ്ങു പനി സ്ഥിരീകരിച്ചത്. അതിൽ 70 ശതമാനത്തോളം രോഗികളും യൂറോപ്യൻ രാജ്യങ്ങളിലാണ്. നേരത്തേ കോവിഡിനെയും ആഗോള പകർച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു. 2020 ജനുവരി 30ന് കോവിഡിനെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കുമ്പോൾ ചൈനയ്ക്ക് പുറത്ത് ആകെ 82 കേസുകൾ മാത്രമാണ് ഉണ്ടായിരുന്നത്.

ലോകാരോഗ്യ സംഘടന ഒരു രോഗത്തെ ആഗോള പകർച്ചവ്യാധി ആയി പ്രഖ്യാപിക്കുന്നത് മൂന്ന് കാരണങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ്. അസാധാരണമായ നിലയിൽ രോഗവ്യാപനം പ്രകടമാകുന്നത്, രോഗം കൂടുതൽ രാജ്യങ്ങളിലേക്ക് പടരാനുള്ള സാധ്യത, രോഗപ്പകർച്ച തടയാൻ ലോകരാജ്യങ്ങളുടെ കൂട്ടായശ്രമം അത്യാവശ്യമാകുന്നത് എന്നിങ്ങനെയാണത്.

യു.എസ്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷന്റെ കണക്കനുസരിച്ച് 71 രാജ്യങ്ങളിലായി 15,400 മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, നിലവിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് സമിതിയിലെ കൂടുതൽ അംഗങ്ങളും ലോകാരോഗ്യസംഘടനാ തലവൻ ടെഡ്രോസ് അഥനോമിനെ അറിയിച്ചിരുന്നത്. ഇതിന് മുൻപ് 2020 ജനുവരി 30ന് കോവിഡ് വൈറസിനെയാണ് ഡബ്ല്യുഎച്ഒ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ചത്.