ലണ്ടൻ: ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ ചരിത്രം കുറിച്ച് ഗ്ലാമോർഗൻ ബാറ്റർ സാം നോർത്ത്ഈസ്റ്റ്. ലെസ്റ്റർഷെയറിനെതിരെ 450 പന്തുകളിൽ പുറത്താകാതെ താരം നേടിയത് 410 റൺസാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറക്കുശേഷം ഒരു ഇന്നിങ്‌സിൽ 400 റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന അപൂർവ നേട്ടവും താരം സ്വന്തമാക്കി.

450 പന്തുകൾ നേരിട്ട് 45 ഫോറുകളും മൂന്ന് സിക്സും സഹിതമാണ് താരം ക്വാഡ്രബിൾ തികച്ചത്. സാമിന്റെ കരുത്തിൽ ഗ്ലാമോർഗൻ ആദ്യ ഇന്നിങ്‌സിൽ അഞ്ച് വിക്കറ്റിന് 795 റൺസെടുത്തു.

കൗണ്ടി ക്രിക്കറ്റിലെ ഒരു ഇന്നിങ്‌സിലെ ഏറ്റവും ഉയർന്ന സ്‌കോർ ലാറയുടെ പേരിലാണ്. 1994ൽ എഡ്ജ്ബാസ്റ്റണിൽ വാർക്ക്‌ഷെയറിനെതിരെ 501 റൺസാണ് താരം നേടിയത്. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോർഡും ലാറയുടെ പേരിലാണ്. 2004ൽ ഇംഗ്ലണ്ടിനെതിരെ 400 റൺസാണ് താരം നേടിയത്.

മത്സരത്തിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഒമ്പത് റൺസെന്ന നിലയിൽ ഗ്ലാമോർഗൻ നിൽക്കുമ്പോഴാണ് സാം നോർത്ത്ഈസ്റ്റ് ക്രീസിലെത്തുന്നത്. ശേഷം കോളിൻ ഇൻഗ്രാമിനെ കൂട്ടുപിടിച്ച് ബാറ്റേന്തിയ സാം ടീം സ്‌കോർ മുന്നൂറ് കടത്തി. 315-ൽ നിൽക്കേ കോളിൻ ഇൻഗ്രാം പുറത്തായി. 236 പന്തിൽ 139 റൺസെടുത്താണ് ഇൻഗ്രാം മടങ്ങിയത്

പിന്നാലെ ക്രീസിലെത്തിയ കിരൺ കാൾസണും ബില്ലി റൂട്ടും വേഗത്തിൽ മടങ്ങി. വിക്കറ്റ് കീപ്പർ ബാറ്റർ ക്രിസ് കൂക്ക് സാമിന് ഉറച്ച പിന്തുണ നൽകി. സാം 410 റൺസും കൂക്ക് 191 റൺസിലും നിൽക്കെ ഗ്ലാമോർഗൻ നായകൻ ഡേവിസ് ലോയ്ഡ് ഡിക്ലയർ വിളിക്കുകയായിരുന്നു. 45 ബൗണ്ടറികളും മൂന്ന് സിക്‌സറുകളും ഉൾപ്പെടുന്നതാണ് സാമിന്റെ ഇന്നിങ്‌സ്. ലെസ്റ്റർഷെയറിന്റെ ആദ്യ ഇന്നിങ്‌സ് 584 റൺസിൽ അവസാനിച്ചിരുന്നു. 211 റൺസ് ലീഡ്. രണ്ടാം ഇന്നിങ്സ് തുടങ്ങിയ ലെസ്റ്റർ നിലവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 98 റൺസെന്ന നിലയിലാണ്.