ലണ്ടൻ: അർബുദ ചികിത്സയിൽ നിർണായക കണ്ടെത്തലുമായി എഡിൻബർഗ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ രംഗത്ത് വന്നത് ഒരു വർഷം മുമ്പാണ്. ആരോഗ്യകോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതെ കാൻസർ ബാധിച്ച കോശങ്ങളെ കൊല്ലുന്ന മരുന്നാണ് ശാസ്ത്രജ്ഞർ വികസിപ്പിച്ചത്. ഈ മരുന്നിന് ബ്രിട്ടൺ അംഗീകാരം നൽകുകയാണ്. ചികിൽസയ്ക്ക് ഇതും ഉപയോഗിക്കും.

ട്രോജൻ ഹോഴ്സ് ഡ്രഗ് എന്നാണ് ശാസ്ത്ര ലോകം മരുന്നിനെ വിശേഷിപ്പിക്കുന്നത്. ഒരു ട്രോജൻ കുതിരയെ പോലെ ക്യാൻസർ സെല്ലുകളോട് പൊരുതുമെന്നതു കൊണ്ടാണ് മരുന്നിനെ ട്രോജൻ ഹോഴ്സ് ഡ്രഗ് എന്ന് വിളിക്കുന്നത്. രക്താർബുദത്തിന് ഇത് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. നാലിലൊന്നായി രോഗത്തിന്റെ തീവ്രത ഈ മരുന്ന് കുറയ്ക്കും. രണ്ട് പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ ആരോഗ്യ വിപ്ലവമെന്നാണ് ഇതിനെ വിലയിരുത്തുന്നത്.

നിലവിൽ റേഡിയേഷൻ, കീമോ തെറാപ്പി എന്നിങ്ങനെയുള്ള ചികിത്സാ പ്രതിവിധികളാണ് അർബുദത്തിന് സാധാരണഗതിയിൽ നിർദേശിക്കപ്പെടുന്നത്. എന്നാൽ ഇതിന് ശേഷവും രോഗം തിരിച്ചു വരാനുള്ള സാധ്യത ഏറെയാണ്. എന്നാൽ പുതിയ മരുന്നിലൂടെ രോഗം തിരിച്ചെത്താനുള്ള സാധ്യത നാലിൽ ഒന്നായി കുറയപ്പെടും. കാൻസർ രോഗത്തെ ഈ മരുന്നിലൂടെ അതിജീവിച്ചവർക്ക് ശുഭപ്രതീക്ഷയായി ഈ മരുന്ന് മാറും.

രക്ഷപ്പെടാൻ സാധ്യത കുറവുള്ള കാൻസർ രോഗികൾക്കു പോലും ഈ മരുന്ന് പ്രയോജനം ചെയ്യുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. സെർവിക്‌സ്, അന്നനാളം, ഗർഭപാത്രം, മൂത്രസഞ്ചി, എൻഡോമെട്രിയം എന്നീ അവയവങ്ങളിലെ കാൻസർ വളർച്ചയെ തടയാൻ ഈ മരുന്നിനു സാധിക്കുമെന്ന് നിർമ്മാതാക്കൾ പറയുന്നു.

എന്തായാലും ഭാവിയിൽ ഈ മരുന്ന് ചികിത്സാരംഗത്ത് വന്മാറ്റങ്ങൾ കൊണ്ടുവരുമെന്നു തന്നെയാണ് ഗവേഷകർ വിലയിരുത്തുന്നത്. ഇതിനൊപ്പമാണ് രക്താർബുദത്തിന് പ്രതീക്ഷയായി ബ്രിട്ടണിൽ മരുന്ന് ഉപയോഗിച്ചുള്ള ചികിൽസയ്ക്ക് അനുമതി നൽകുന്നത്.