ന്യൂഡൽഹി: രാജ്യത്ത് കൂടുതൽ കുരങ്ങു പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ സ്ഥിതി വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് കേന്ദ്രം. കേരളത്തിന് പിന്നാലെ രാജ്യ തലസ്ഥാനമായ ഡൽഹിയിലും കുരങ്ങു പനി രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേന്ദ്രം ഉന്നതതല യോഗം വിളിച്ചത്. ഡൽഹിയിൽ വിദേശയാത്രാ പശ്ചാത്തലമില്ലാത്തയാൾക്കാണ് രോഗബാധയുണ്ടായത്. ഇക്കാര്യത്തെ വളരെ ജാഗ്രതയോടെയാണ് ആരോഗ്യവിഭാഗം നോക്കിക്കാണുന്നത്. കേരളത്തിൽ രോഗബാധയുണ്ടായ സാഹചര്യത്തിൽ നൽകിയ നിർദ്ദേശങ്ങൾ രാജ്യത്താകെ കർശമായി നടപ്പാക്കിയേക്കും. രോഗബാധ കൂടുതൽ പേരിലേക്ക് പകരാതിരിക്കാനുള്ള നടപടിക്രമങ്ങളും സ്വീകരിക്കും.

കേരളത്തിന് പിന്നാലെ പശ്ചിമ ഡൽഹി സ്വദേശിയായ മുപ്പത്തിയൊന്നുകാരനാണ് രോഗം സ്ഥീരികരിച്ചത്. രാജ്യത്ത് സ്ഥീരീകരിക്കുന്ന നാലാമത്തെ കേസാണിത്. ശനിയാഴ്ച സാംപിളുകൾ പുണെ വൈറോളജി ഇൻസ്റ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചിരുന്നു. ഫലം വന്നപ്പോൾ പോസിറ്റീവ് ആയി.

പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളുമായി കഴിഞ്ഞ മൂന്ന് ദിവസമായി ഡൽഹി എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവാവ്. പനിയും, ത്വക്കിൽ തടിപ്പുകളും കണ്ടതിനെ തുടർന്നാണ് സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. തുടർന്നാണ് രോഗം സ്ഥീരീകരിച്ചത്. രോഗിയെ മൗലാന ആസാദ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിനെ ചികിത്സിച്ചവർ അടക്കം നിരീക്ഷണത്തിലാണ്.

വിദേശയാത്ര ചരിത്രം ഇല്ലാത്തയാൾ രോഗബാധിതനായ പശ്ചാത്തലത്തിൽ നിരീക്ഷണവും ജാഗ്രതയും ശക്തമാക്കാൻ ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു വിദേശത്ത് നിന്നെത്തിയ കൊല്ലം, കണ്ണൂർ,മലപ്പുറം സ്വദേശികൾക്കാണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ചിരുന്നത്. രോഗ പ്രതിരോധത്തിനുള്ള മാർഗ്ഗനിർദ്ദേശം ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിരുന്നു.

കുരങ്ങു പനി ലോകാരോഗ്യ സംഘടന ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. 75 രാജ്യങ്ങളിലായി പതിനാറായിരം പേരിൽ രോഗം വ്യാപിച്ചതോടെയാണ് പ്രഖ്യാപനം. ലോകരാജ്യങ്ങൾ രോഗപ്പകർച്ചയ്ക്ക് എതിരെ ജാഗ്രത കൂടുതൽ ശക്തമാക്കണമെന്നും ഡബ്ല്യൂ എച്ച് ഒ ആവശ്യപ്പെട്ടു.

ഇതിന് മുൻപ് ലോകാരോഗ്യസംഘടന ആഗോള പകർച്ച വ്യാധിയായി കൊവിഡിനെയാണ് പ്രഖ്യാപിച്ചത്. ചൈനയ്ക്ക് പുറത്ത് വെറും 82 കോവിഡ് രോഗികൾ മാത്രമുള്ളപ്പോഴാണ് ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപനം ഉണ്ടായത്. കോവിഡ് പോലുള്ള രോഗപ്പകർച്ച മങ്കിപോക്‌സിന്റെ കാര്യത്തിൽ ഉണ്ടാവില്ല എന്നാണു ഈപ്പോഴും ആഗോള ഗവേഷകർ പറയുന്നത്. ഇതുവരെ ലോകത്ത് ആകെ അഞ്ച് കുരങ്ങു പനി മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്നും ആശ്വാസകരമായാണ് വിലയിരുത്തപ്പെടുന്നത്.