ന്യൂഡൽഹി: ഡൽഹി സർക്കാരിന്റെ പരിപാടി കേന്ദ്രസർക്കാർ ഹൈജാക്ക് ചെയ്‌തെന്ന ആക്ഷേപവുമായി ആംആദ്മി പാർട്ടി നേതൃത്വം. പൊതുപരിപാടി നടക്കുന്ന വേദിയിൽ പ്രധാനമന്ത്രിയുടെ ഫോട്ടോകൾ സ്ഥാപിക്കുകയും അവ നീക്കം ചെയ്താൽ അവരെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്നുമാണ് ആം ആദ്മി പാർട്ടിയുടെ ആരോപണം. ഇതേത്തുടർന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് പിന്മാറി. അസോല ഭാട്ടി വന്യജീവി സങ്കേതത്തിലെ മരം നടീലുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം.

'വന മഹോത്സവ്' പരിപാടിയിൽ ഗവർണർക്കൊപ്പം പങ്കെടുക്കാമെന്നു മുഖ്യമന്ത്രി സമ്മതിച്ചിരുന്നതാണ്. ഒരു ലക്ഷത്തോളം മരങ്ങളാണ് പരിപാടിയുടെ ഭാഗമായി വച്ചുപിടിപ്പിക്കാൻ തീരുമാനിച്ചത്. ഡൽഹി സർക്കാരിന്റെ പുതിയ മദ്യനയത്തിൽ സിബിഐ അന്വേഷണത്തിന് ഗവർണർ ശുപാർശ ചെയ്തതിനു പിന്നാലെയാണ് പരിപാടിയിൽ നിന്നുള്ള കേജ്‌രിവാളിന്റെ പിന്മാറ്റമെന്നും ലഫ്.ഗവർണറുടെ ഓഫിസ് ആരോപിച്ചു.

എന്നാൽ ഡൽഹി സർക്കാരിന്റെ 'വന മഹോത്സവ്' പരിപാടി ലഫ്.ഗവർണർ ബിജെപി യോഗമാക്കി മാറ്റിയതിനാലാണ് മുഖ്യമന്ത്രിയടക്കമുള്ളവർ പങ്കെടുക്കാതിരുന്നതെന്നു മുഖ്യമന്ത്രിയുടെ അടുത്ത വൃത്തങ്ങൾ പ്രതികരിച്ചു. പൊതുസമ്മേളന വേദിയിൽ നിർബന്ധപൂർവം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ചുവെന്നും നീക്കം ചെയ്താൽ അറസ്റ്റ് ചെയ്യുമെന്നു ഡൽഹി പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ആം ആദ്മി പാർട്ടി ട്വിറ്ററിൽ ആരോപിച്ചു.

ഡൽഹി പൊലീസ് പരിപാടിക്കു ഏറെ മുൻപുതന്നെ 'വന മഹോത്സവ്' വേദി കയ്യടക്കിയെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. പരിപാടിയുടെ നിയന്ത്രണം ഡൽഹി പൊലീസ് ഏറ്റെടുക്കുകയായിരുന്നു. 'വന മഹോത്സവ്' ഡൽഹി സർക്കാരിന്റെ പരിപാടിയാണ്. ലഫ്.ഗവർണറും ഡൽഹി മുഖ്യമന്ത്രിയും സംയ്കുതമായാണ് പരിപാടിക്ക് അധ്യക്ഷത വഹിക്കേണ്ടത്. എന്നാൽ പോസ്റ്ററുകളിൽ എല്ലാം തന്നെ മോദിയും മറ്റു ബിജെപി നേതാക്കളുമാണ്. വേദിയിൽ പ്രധാനമന്ത്രിയുടെ ചിത്രമാണ് വൻ പ്രാധാന്യത്തോടെ നൽകിയതും.

ഡൽഹി പൊലീസിനെ അയച്ച് കേന്ദ്ര സർക്കാർ ഹൈജാക്ക് ചെയ്തുവെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ആരോപിച്ചു. 'ഇന്നലെ രാത്രി ഡൽഹി പൊലീസ് പരിപാടി നടക്കുന്ന സ്ഥലത്തെത്തി പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങളുള്ള ബാനറുകൾ സ്ഥാപിച്ചു. എഎപി സർക്കാരിന്റെ ബാനറുകൾ വലിച്ചുകീറി', അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ പരിപാടി ബിജെപി പരിപാടിയാക്കി മാറ്റിയതിലുള്ള പ്രതിഷേധ സൂചകമായാണ് മുഖ്യമന്ത്രിയടക്കമുള്ള നേതാക്കൾ വിട്ടുനിന്നതെന്നാണു ഡൽഹി സർക്കാർ വൃത്തങ്ങൾ നൽകുന്ന വിശദീകരണം. ജൂലൈ 8ന് വി.കെ.സക്‌സേനയും ഇത്തരത്തിലുള്ള പരിപാടി ഒഴിവാക്കിയിരുന്നതായി ആം ആദ്മി പാർട്ടി ആരോപിക്കുന്നു. എന്നാൽ മറ്റൊരു പരിപാടിയിൽ പങ്കെടുക്കാൻ ജയ്പുരിൽ ആയിരുന്നതിനാലാണ് സക്‌സേന പങ്കെടുക്കാതിരുന്നതെന്നാണ് ലഫ്.ഗവർണറുടെ ഓഫിസ് പറയുന്നത്.

കേജ്‌രിവാളിന് സിംഗപ്പൂർ യാത്രയ്ക്ക് അനുമതി നിഷേധിച്ചതിനു പിന്നാലെ, ഡൽഹി സർക്കാരിലെ രണ്ടാമനായ മനീഷ് സിസോദിയയെ ഉന്നമിട്ട് പുതിയ മദ്യനയത്തിൽ സിബിഐ അന്വേഷണത്തിന് ഗവർണർ ശുപാർശ ചെയ്തത് ആം ആദ്മിയെ ചൊടിപ്പിച്ചിരുന്നു. ചട്ടങ്ങളും നിയമങ്ങളും കാറ്റിൽപ്പറത്തുന്നതാണ് ഡൽഹി സർക്കാരിന്റെ മദ്യനയമെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സക്‌സേന സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്.

സിസോദിയയാണ് എക്‌സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്നത്. കേജ്‌രിവാളിന്റെ ജനപ്രീതി കുത്തനെ ഉയരുന്നതിൽ മോദിക്കുള്ള ഭയവും ആശങ്കയുമാണ് ഇതിനു പിന്നിലെന്ന് സിസോദിയ പ്രതികരിച്ചിരുന്നു. 'മോദിക്ക് കേജ്‌രിവാളിനെ ഭയമാണ്. സത്യത്തിൽ മോദിയെ ആൾക്കാർക്ക് താൽപര്യമില്ലാതായി. ഇപ്പോൾ രാജ്യത്തിന്റെ പ്രതീക്ഷയത്രയും കേജ്രിവാളിലാണ്. ഇനിയും കേസുകൾ പ്രതീക്ഷിക്കാം' സിസോദിയ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.