പട്ന: ബിഹാറിൽ പടക്കവ്യാപാരിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ ആറ് പേർ മരിച്ചു. ഛപ്രയിലെ ബുദായി ബാഗ് ഗ്രാമത്തിലാണ് സംഭവം. അവശിഷ്ടങ്ങൾക്കിടയിൽ എട്ടോളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.

ഷബീർ ഹുസൈൻ എന്ന പടക്കവ്യാപാരിയുടെ വീട്ടിലാണ് സ്ഫോടനമുണ്ടായത്. പൊട്ടിത്തെറിയെ തുടർന്ന് കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീഴുകയും ബാക്കി ഭാഗത്ത് തീ പടരുകയും ചെയ്തു. നദിയുടെ തീരത്ത് സ്ഥിതി ചെയ്തിരുന്ന വീടിന്റെ ഭാഗം തകർന്നു വീണത് വെള്ളത്തിലേക്കായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

പരിക്കേറ്റ എട്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി. ഛപ്രയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുന്നതിനായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.

സ്ഫോടനമുണ്ടായ കെട്ടിടത്തിൽ പടക്കങ്ങൾ നിർമ്മിച്ചിരുന്നതായി പൊലീസ് പറഞ്ഞു. അപകടസ്ഥലത്ത് ഏകദേശം ഒരുമണിക്കൂറോളം തുടർച്ചയായി പടക്കങ്ങൾ പൊട്ടിയിരുന്നു.