ന്യൂഡൽഹി: പാക് അധിനിവേശ കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ആവർത്തിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. കാർഗിൽ വിജയ് ദിവസ ആഘോഷത്തിന്റെ ഭാഗമായി വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തെ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ' ബാബാ അമർനാഥ് ഇന്ത്യയിലും ശാരദ ശക്തി ദേവി നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തും ഇരിക്കുന്നത് എങ്ങനെ സാധ്യമാകും' എന്ന് അദ്ദേഹം ചോദിച്ചു.

'പാക് അധിനിവേശ കശ്മീർ ഇന്ത്യയുടെ ഭാഗമായിരുന്നു. ഇനിയും അങ്ങനെ തന്നെയായിരിക്കും. ബാബാ അമർനാഥ് നമുക്കൊപ്പവും ശാരദാ ദേവി നിയന്ത്രണ രേഖയ്ക്ക് അപ്പുറവും ഇരിക്കുന്നത് എങ്ങനെ സാധ്യമാകും?'- പാക് അധിനിവേശ കശ്മീരിൽ സ്ഥിതി ചെയ്യുന്ന സരസ്വതി ക്ഷേത്രമായ ശാരദാ പീഠത്തെ കുറിച്ച് പ്രതിപാദിച്ചാണ് അദ്ദേഹം ഇത് പറഞ്ഞത്.

''പാക് അധീന കശ്മീരിനെക്കുറിച്ച് പാർലമെന്റിൽ ഒരു പ്രമേയം പാസാക്കിയിരുന്നു. പാക് അധീന കശ്മീരുൾപ്പെടെയുള്ള കശ്മീർ മുഴുവനും ഇന്ത്യയുടേത് തന്നെയാണ്. ഇനിയങ്ങോട്ടും ഇന്ത്യയുടെ ഭാഗമായി തുടരും. പിന്നെങ്ങനെയാണ് മഹാദേവനായ ബാബ അമർനാഥ് നമ്മോടൊപ്പവും മാ ശാരദാ ശക്തി നിയന്ത്രണരേഖയുടെ മറുവശത്തും കഴിയുക.''' രാജ്നാഥ് സിങ് പറഞ്ഞു.

''പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കെ 1962ൽ ലഡാക്കിലെ നമ്മുടെ ഭൂമി ചൈന പിടിച്ചെടുത്തു. അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങളെ ഞാൻ ചോദ്യം ചെയ്യുന്നില്ല. ചിലപ്പോൾ അദ്ദേഹത്തിന്റെ ലക്ഷ്യം നല്ലതായിരിക്കാം. പക്ഷേ ഇന്ത്യയുടെ നയങ്ങൾക്ക് അത് ബാധകമല്ല. എന്തുതന്നെയായാലും ഇന്നത്തെ ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും ശക്തരായ രാജ്യങ്ങളിലൊന്നായി മാറി കഴിഞ്ഞു,'' പ്രതിരോധ മന്ത്രി പറഞ്ഞു.

രാജ്യത്തിന് വേണ്ടി പരമോന്നത ത്യാഗം ചെയ്തവരാണ് നമ്മുടെ സൈന്യം. ധീരരായ നിരവധി സൈനികർ 1999ലെ യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ചു. അവരെ ഈ വേളയിൽ നമിക്കുന്നു. 23-ാമത് കാർഗിൽ വിജയ ദിവസം വരാനിരിക്കെ ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത ത്യാഗത്തെ അനുസ്മരിച്ച് രാജ്നാഥ് സിങ് പറഞ്ഞു.