മുംബൈ: ബോളിവുഡ് നടൻ അക്ഷയ് കുമാറിന് ആദായ നികുതി വകുപ്പിന്റെ അനുമോദനം. കൃത്യമായി വലിയ തുക നികുതി അടയ്ക്കുന്നതിനാലാണ് താരത്തിനെ അഭിനന്ദിച്ച് ആദായനികുതി വകുപ്പ് ബഹുമതി പത്രം നൽകിയത്.

വിനോദ വ്യവസായത്തിൽ നിന്ന് ഏറ്റവും കൂടുതൽ നികുതി അടച്ച വ്യക്തിയായി അക്ഷയ് കുമാർ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. മറ്റ് താരങ്ങളെ അപേക്ഷിച്ച് ഒരു വർഷം തന്നെ നിരവധി സിനിമകളിലാണ് അക്ഷയ് കുമാർ അഭിനയിച്ചത്.

കഴിഞ്ഞ അഞ്ച് വർഷമായി ഏറ്റവും ഉയർന്ന നികുതിദായകൻ എന്ന പദവി അക്ഷയ് കുമാർ നിലനിർത്തുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടിനു ദേശായിക്കൊപ്പമുള്ള തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിൽ യുകെയിലാണ് താരമിപ്പോൾ.

ഏറ്റവും അവസാനമായി അക്ഷയ് കുമാറിന്റെ പുറത്തിറങ്ങിയ ചിത്രം സമ്രാട്ട് പൃഥ്വിരാജ് ആണ്. വലിയ പ്രതീക്ഷയിലെത്തിയ ബിഗ് ബജറ്റ് ചിത്രം തിയറ്ററുകളിൽ പരാജയമായിരുന്നു. രക്ഷാബന്ധനാണ് ഉടനെ റിലീസിനൊരുങ്ങിയിരിക്കുന്ന അക്ഷയ്കുമാർ ചിത്രം. രക്ഷാബന്ധൻ ആഘോഷത്തോടനുബന്ധിച്ച് 2022 ഓഗസ്റ്റ് 11-നാണ് ചിത്രം പുറത്തിറങ്ങുന്നത്. സഹോദര സ്‌നേഹത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ നാല് സഹോദരിമാരുടെ സഹോദരനായാണ് അക്ഷയ് കുമാർ അഭിനയിക്കുന്നത്.